ന്യൂയോര്‍ക്കില്‍ 8000ലേറെ നഴ്സുമാര്‍ തിങ്കളാഴ്ച്ച സമരത്തിന്; ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

ന്യൂയോര്‍ക്കില്‍ 8000ലേറെ നഴ്സുമാര്‍ തിങ്കളാഴ്ച്ച സമരത്തിന്; ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

ന്യൂയോര്‍ക്ക്: കരാര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ എണ്ണായിരത്തിലേറെ നഴ്സുമാര്‍ സമരത്തിനൊരുങ്ങുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് നാന്‍സി ഹഗന്‍സാണ് പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന സമരം ന്യൂയോര്‍ക്കിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്ന ആശങ്ക ശക്തമാണ്.

ശൈത്യകാലമായതിനാല്‍ നിരവധി പേര്‍ ആശുപത്രി സേവനം തേടിയെത്തുന്ന പശ്ചാത്തലത്തിലാണ് സമരം. കഴിഞ്ഞ ദിവസങ്ങളില്‍ യൂണിയനുമായി ചില ആശുപത്രികള്‍ കരാറിലെത്തിയതാണ് ആശ്വാസത്തിന് വക നല്‍കുന്നത്.

അതേസമയം ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലിലെ നഴ്സുമാര്‍ മാനേജ്മെന്റുമായി ഒരു താല്‍ക്കാലിക കരാറിലെത്തിലെത്തിയതിനാല്‍ സമരത്തില്‍നിന്നു പിന്മാറി. എന്നാല്‍ മറ്റ് പ്രധാന ആശുപത്രികളിലെ 9,000ലേറെ നഴ്സുമാരാണ് പണിമുടക്കിന് തയ്യാറെടുക്കുന്നത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷനും ബ്രോങ്ക്സ് കെയര്‍ ഹെല്‍ത്ത് സിസ്റ്റം ആശുപത്രി മാനേജ്‌മെന്റും താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മൂന്ന് വര്‍ഷം കാലാവധിയുള്ള കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ശമ്പള വര്‍ധനയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ധാരണയായതായി യൂണിയന്‍ പറഞ്ഞു.

മറ്റൊരു ആശുപത്രിയായ ഫ്‌ളഷിംഗ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ച നഴ്‌സുമാരുമായി താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നു.

അതേസമയം, ആയിരത്തിലധികം കിടക്കകളുള്ള മാന്‍ഹട്ടനിലെ മൗണ്ട് സിനായ് ഹോസ്പിറ്റല്‍, ബ്രോങ്ക്‌സിലെ മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് സ്വകാര്യ ആശുപത്രികളുടെ മാനേജ്‌മെന്റ് തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന സമരം ഒഴിവാക്കാനുള്ള കരാറുകളില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല.

സമര ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൗണ്ട് സിനായ് ഹെല്‍ത്ത് സിസ്റ്റം ഭൂരിപക്ഷം ആംബുലന്‍സുകളും വഴിതിരിച്ചുവിടാന്‍ തുടങ്ങി. ഇവിടുത്തെ തീവ്രപരിചരണ വിഭാഗത്തിലെ നവജാത ശിശുക്കളെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയും ചെയ്തു.

നിലവില്‍ രോഗികളുടെ ബാഹുല്യം മൂല്യം പ്രതിസന്ധി നേരിടുന്ന ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സമരം പിന്‍വലിക്കാന്‍ ഓരോ ആശുപത്രികളും തങ്ങളുടെ സ്വന്തം നഴ്സുമാരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.