സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം

സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, നാഷണല്‍ ഇ.എന്‍.ടി. അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം നവംബര്‍ 28-ാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി ഉള്ളതിനാൽ ഓണ്‍ലൈന്‍ വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒൻപത് മണിവരെ വെബിനാര്‍ ഉണ്ടായിരിക്കും. 'ശബ്ദവും ആരോഗ്യവും' എന്നതാണ് വെബ്ബിനറിൽ ചർച്ച ചെയുന്ന വിഷയം. National ENT Association, Association of Otolaryngologists of India, Indian Academy of Otolaryngology, Head & Neck Surgery, International Journal of Noise & Health, Association of Health Care Providers of India, AWAAS, സംസ്ഥാന എന്‍വയര്‍മെന്റ് വകുപ്പ്, കേരള പോലീസ് എന്നിവ സംയുക്തമായാണ് സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം സംഘടിപ്പിക്കുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ഐ.എം.എ. നാഷണല്‍ പ്രസിഡന്റ് ഡോ.രാജന്‍ ശര്‍മ്മ, ഇ.എന്‍.ടി. നാഷണല്‍ പ്രസിഡന്റ് ഡോ. സമീര്‍ ഭാര്‍ഗവ, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എം.പി.മാരായ ഡോ. ശശി തരൂര്‍, രൂപ ഗാംഗുലി, മലയാള മനോരമ എക്‌സി. ഡയറക്ടര്‍ ജേക്കബ് മാത്യു, പ്രശസ്ത സിനിമാ താരങ്ങളായ ലഫ്. കേണല്‍ മോഹന്‍ലാല്‍, മാധവന്‍, ഷാന്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ശബ്ദമലിനീകരണത്തിന്റെ തോത് അപായകരമായ രീതിയിലാണ് വര്‍ധിച്ചു വരുന്നത്. ഇത് ശാരീരിക മാനസിക അവസ്ഥകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ കാണുന്നത്. ഇതിന്റെ ആഘാതം ഏറ്റവുമധികം ബാധിക്കുന്നത് കുഞ്ഞുങ്ങളേയാണ്. ഇത് കുഞ്ഞുങ്ങളില്‍ വലിയ ഞടുക്കവും ഞെട്ടലുമുണ്ടാക്കും. അതിഘോര ശബ്ദം ഗര്‍ഭിണികളുടെ ഗര്‍ഭാവസ്ഥയേയും പ്രതികൂലമായി ബാധിക്കാറുണ്ട്. വലിയ ശബ്ദങ്ങള്‍ മനുഷ്യന്റെ ശാരീരികാവസ്ഥയെപ്പോലും ബാധിക്കാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉച്ചഭാഷിണി, ഉത്സവങ്ങള്‍, ട്രാഫിക്, നിര്‍മ്മാണങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍, ഇലക്‌ട്രോണിക് എന്നിവ ഇന്ത്യയില്‍ ശബ്ദമലിനീകരണത്തിന് കാരണമായ പ്രത്യേക ശബ്ദ സ്രോതസുകളാണ്. ഇവയെല്ലാം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ എല്ലാവരുടേയും ആരോഗ്യത്തെ സാരമായി ബാധിക്കും. പൊതുജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക, നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌ക്കരിക്കുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

ശബ്ദ മലിനീകരണം ചെറുക്കാനുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ എന്തുചെയ്യാമെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. അനാവശ്യ ഹോണടികള്‍ എല്ലാവരും ഒഴിവാക്കണം. ഉത്സവങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും കര്‍ശന നിയന്ത്രണം ആവശ്യമാണ്. രാത്രി 10 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കണം. സ്വകാര്യ വാഹനങ്ങളിലെ ലൗഡ് സ്പീക്കര്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രം അനുവദിക്കണം. ഇങ്ങനെ എല്ലാവരും ഒരുപോലെ ഇടപെടലുകള്‍ നടത്തിയാല്‍ നമുക്ക് സുരക്ഷിതമായ ശബ്ദവും സുരക്ഷിതമായ ആരോഗ്യവും സാധ്യമാകും. സുരക്ഷിത ശബ്ദത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ദീര്‍ഘനാള്‍ തുടരേണ്ടതുണ്ട്. അതിനായി എല്ലാവരേയും ഒത്തൊരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.