നിയന്ത്രണ രേഖയിലെ സംഘര്‍ഷം; 4276 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രാനുമതി

നിയന്ത്രണ രേഖയിലെ സംഘര്‍ഷം; 4276 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: അത്യാധുനിക ശ്രേണിയിലുള്ള മിസൈലുകള്‍ ഉള്‍പ്പടെ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അംഗീകാരം നല്‍കി. ഹെലിന ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളുടേത് ഉള്‍പ്പെടെ 4276 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുന്നതിനാണ് പുതിയ നീക്കം.

ഇന്ത്യന്‍ ആര്‍മിയുടെ രണ്ടും ഇന്ത്യന്‍ നേവിയുടെ ഒന്നും ആയുധ സംഭരണ നിര്‍ദേശങ്ങള്‍ക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കിയത്. 'അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുമായി സംയോജിപ്പിക്കുന്ന ഹെലിന ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, ലോഞ്ചറുകള്‍, അനുബന്ധ സപ്പോര്‍ട്ട് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് തുക വിനിയോഗിക്കുക.

ശക്തവും വേഗത്തില്‍ വിന്യസിക്കാവുന്നതുമായ സംവിധാനമെന്ന നിലയിലാണ് അത്യാധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതെന്ന് മന്ത്രാലയം പറഞ്ഞു. കൂടാതെ, ഇന്ത്യന്‍ നാവികസേനയ്ക്കായി ശിവാലിക് ക്ലാസ് കപ്പലുകള്‍ക്കും അടുത്ത തലമുറ മിസൈല്‍ കപ്പലുകള്‍ക്കും ബ്രഹ്മോസ് ലോഞ്ചര്‍ ആന്‍ഡ് ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം വാങ്ങുന്നതിനും ഡിഎസി അനുമതി നല്‍കിയിട്ടുണ്ട്. 'ഇത് ഉപയോഗിച്ച്, ഈ കപ്പലുകള്‍ക്ക് ഓഷ്യന്‍ സ്ട്രൈക്ക് ഓപ്പറേഷനുകള്‍ നടത്താനും ശത്രു യുദ്ധക്കപ്പലുകളും വ്യാപാര കപ്പലുകളും തടയാനും നശിപ്പിക്കാനുമുള്ള കഴിവ് വര്‍ദ്ധിക്കുകയും ചെയ്യും' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.