മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കമ്പനിക്ക് ഉല്‍പ്പന്നം നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ്ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
സര്‍ക്കാര്‍ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയില്‍ നിന്ന് 2018 ഡിസംബറില്‍ പിടിച്ചെടുത്ത സാംപിളുകള്‍ പരിശോധിക്കാന്‍ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ കോടതി വിമര്‍ശിച്ചു.
സൗന്ദര്യസംരക്ഷക ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഉല്‍പ്പന്നത്തിന്റെ നിലവാരത്തില്‍ ചെറിയൊരു വ്യതിചലനം കണ്ടെന്നുവച്ച് ഫാക്ടറി മൊത്തത്തില്‍ അടച്ചുപൂട്ടുന്നതു യുക്തിക്കു നിരക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
വാണിജ്യ രംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞത്.
പിഎച്ച് ലെവല്‍ കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. പുതിയ പരിശോധനകളില്‍ ബേബി പൗഡറിന്റെ എല്ലാ ബാച്ചും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.