പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ ചികിത്സിക്കരുതെന്ന് താലിബാന്‍; അസുഖം ബാധിച്ച സ്ത്രീകള്‍ മരണ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ ചികിത്സിക്കരുതെന്ന് താലിബാന്‍; അസുഖം ബാധിച്ച സ്ത്രീകള്‍ മരണ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടര്‍മാര്‍ക്ക്് താലിബാന്റെ നിര്‍ദേശം. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ആശുപത്രികളിലും പരിശോധന നടത്താനും നിര്‍ദേശമുണ്ട്.

പബ്ലിക് അഫയേഴ്സ് ആന്‍ഡ് ഹിയറിംഗ് ഓഫ് താലിബാന്‍ കംപ്ലയിന്റ്സ് ഡയറക്ടറേറ്റിന്റേതാണ് ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം പുരുഷ ഡോക്ടര്‍മാരെ സന്ദര്‍ശിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ല.

സ്ത്രീകള്‍ക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്ടര്‍മാര്‍ രൂപപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനിതാ ഡോക്ടര്‍മാരുടെ കുറവുമൂലം അസുഖം ബാധിച്ച സ്ത്രീകള്‍ മരണ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് താലിബാന്‍ അനുമതി നല്‍കി. ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ആറാം ക്ലാസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്‍കി. ഇസ്ലാമിക വസ്ത്രധാരണം പാലിച്ച് പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസം തുടരാമെന്ന് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍വ്വകലാശാല വിദ്യാഭ്യാസമടക്കം എല്ലാ ക്ലാസുകളിലേക്കുമുള്ള വിദ്യാര്‍ഥിനികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച് താലിബാന്‍ ഉത്തരവിറങ്ങി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് കൊണ്ട് ഉത്തരവിറങ്ങിയതിന് പിന്നാലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ അടക്കമുള്ള ലോക രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം രണ്ടാമതും കൈയടക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അനുമതി നല്‍കുമെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് താലിബാന്‍ വാക്ക് മാറ്റി. ചെറിയ ക്ലാസുകള്‍ മുതല്‍ സര്‍വ്വകലാശാലകളില്‍ വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കി.

ഇത് രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചു. ഇസ്ലാമിക നിയമം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് താലിബാന്‍ അവകാശപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമല്ല, ജോലി സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തി.

പൊതു സ്ഥലങ്ങളില്‍ ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം ധരിച്ച് മാത്രമേ സ്ത്രീകള്‍ക്ക് ഇറങ്ങാന്‍ പറ്റുകയുള്ളൂ. അതോടൊപ്പം ബന്ധുവായ ഒരു പുരുഷന്‍ ഒപ്പമുണ്ടാകണമെന്നും താലിബാന്‍ നിഷ്‌ക്കര്‍ഷിച്ചു. സ്ത്രീകളുടെ സ്വാതന്ത്രത്തിനെതിരെയുള്ള താലിബാന്റെ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്രാ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.