അഫ്ഗാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപം ചാവേര്‍ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപം ചാവേര്‍ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപം ചാവേര്‍ ബോംബ് ആക്രമണം. പ്രാദേശിക സമയം നാല് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. 20 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിദേശകാര്യമന്ത്രാലയത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കളുമായി കടന്നുകയറുകയായിരുന്നു ഭീകരന്റെ ലക്ഷ്യമെന്ന് താലിബാന്‍ സര്‍ക്കാരിലെ വാര്‍ത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രാലയത്തിനുള്ളില്‍ കടന്നുകയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുന്നില്‍ വെച്ച് അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനം നടന്ന സമയത്ത് ചൈനീസ് പ്രതിനിധി സംഘം താലിബാനുമായി ചര്‍ച്ച നടത്തി വരികയായിരുന്നു എന്നും ഇവരെ ലക്ഷ്യം വെച്ചാണ് ചാവേര്‍ എത്തിയതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം നടന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരടക്കം പുറത്ത് തമ്പടിച്ചിരുന്നതായാണ് വിവരം. ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി കാബൂള്‍ പൊലീസ് മേധാവിയുടെ വക്താവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.