അമേരിക്കയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; സൈബർ ആക്രമ സാധ്യത തള്ളികളഞ്ഞ് അധികൃതർ

അമേരിക്കയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; സൈബർ ആക്രമ സാധ്യത തള്ളികളഞ്ഞ് അധികൃതർ

വാഷിങ്ടൻ: സാങ്കേതിക തകരാറിനെ തുടർന്ന് അമേരിക്കയിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) കംപ്യൂട്ടർ സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്നാണ് സർവീസുകൾ പുനരാരംഭിച്ചത്. സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.

യുഎസ് സമയം ബുധനാഴ്ച പുലർച്ചെ രണ്ടിനു ശേഷമാണു പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. തുടർന്ന് 9500 വിമാനങ്ങള്‍ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടിരുന്നു. 

വിമാനഗതാഗതവുമായി ബന്ധപ്പെട്ട ‘നോട്ടിസ് ടു എയർ മിഷൻസ്’ സംവിധാനമാണു തകരാറിലായത്. യാത്രാപാതയിലെ പക്ഷിശല്യം, അടഞ്ഞ റൺവേ, പ്രതികൂല കാലാവസ്ഥ, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളിൽ പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ കോഡുകളായി നൽകുന്ന സംവിധാനമാണിത്. ഈ വിവരങ്ങൾ യഥാസമയം പുതുക്കിനൽകുന്നതിൽ സംവിധാനം പരാജയപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. ഈ സംവിധാനം പ്രവർത്തനക്ഷമമല്ലെങ്കിൽ വിമാനം പറപ്പിക്കാൻ പാടില്ലെന്നാണു ചട്ടം.

അതേസമയം, സൈബർ ആക്രമണം ആണിതെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയെറി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.