തൃശൂര്‍: കോടികളുടെ തട്ടിപ്പ് നടത്തി പിടിയിലായ പ്രവീണ്‍ റാണയുടെ ബാങ്ക് അക്കൗണ്ട് ശൂന്യം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലില്‍ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവില്‍ പോകാനുള്ള പണം സ്വരൂപിച്ചത്. പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തിയെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ കോയമ്പത്തൂരെത്തി വിവാഹ മോതിരം വിറ്റ് പണം കണ്ടെത്തി.
പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ പൊലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറക്കി. അവിടെ നിന്നും ബസില്‍ ഇയാള്‍ അങ്കമാലി എത്തി. അങ്കമാലിയില്‍ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്.
ജനുവരി ഏഴിന് പുലര്‍ച്ചെയാണ് ഇയാള്‍ കൊച്ചിയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയില്‍ റാണ ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.