'പ്രചരിപ്പിക്കുന്നത് സഭാ വിരുദ്ധ ആശയങ്ങള്‍'; എംപറര്‍ എമ്മാനുവേല്‍ പ്രസ്ഥാനത്തിനെതിരെ മുന്നറിയിപ്പുമായി കെ.സി.ബി.സി

'പ്രചരിപ്പിക്കുന്നത് സഭാ വിരുദ്ധ ആശയങ്ങള്‍'; എംപറര്‍ എമ്മാനുവേല്‍ പ്രസ്ഥാനത്തിനെതിരെ മുന്നറിയിപ്പുമായി കെ.സി.ബി.സി

കൊച്ചി: ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ഇരിഞ്ഞാലക്കുടയിലെ എംപറര്‍ എമ്മാനുവേല്‍ അഥവാ സിയോന്‍ എന്ന പ്രസ്ഥാനത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കെ.സി.ബി.സി രംഗത്തെത്തിയിരിക്കുന്നത്.

ആരംഭ ഘട്ടം മുതല്‍ ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ കേരള കത്തോലിക്കാ സഭാ നേതൃത്വം നല്‍കുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ അബദ്ധ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട് 2009 സെപ്റ്റംബറില്‍ ഒരു ഇടയലേഖനവും ഇറക്കിയിരുന്നു.


ഇരിഞ്ഞാലക്കുട രൂപതയും സീറോ മലബാര്‍ സഭാ നേതൃത്വവും പലപ്പോഴായി ഈ വിഷയത്തില്‍ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുകയും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിശ്വാസികളെ തടയുകയും ചെയ്തിട്ടുണ്ട്.

ചിത്രകലാ അധ്യാപകനായിരുന്ന റോയ് ജോസഫ് എന്ന വ്യക്തിയാണ് ജോസഫ് പൊന്നാറ എന്ന പേരില്‍ അറിയപ്പെടുന്ന എംപറര്‍ എമ്മാനുവേല്‍ എന്ന ഗ്രൂപ്പിന്റെ ആരംഭകന്‍. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സമാന ആശയക്കാരായ ചിലരുമായുള്ള ബന്ധം വഴിയാണ് എംപറര്‍ എമ്മാനുവല്‍ എന്ന ആശയം ജോസഫ് പൊന്നാറ വിപുലീകരിച്ചെടുത്തത്. 2000 മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൊന്നാറ, 2005 -ഓടെ ഇരിഞ്ഞാലക്കുടയ്ക്ക് അടുത്തുള്ള മുരിയാട് എന്ന സ്ഥലത്തേക്ക് താമസം മാറിയതോടെ പ്രവര്‍ത്തന കേന്ദ്രം അതായി മാറുകയായിരുന്നു.

2000 ല്‍ തൊടുപുഴയില്‍ ആരംഭിച്ച ആദ്യ സെന്ററിന്റെ പേര് എംബസി ഓഫ് എംപറര്‍ എമ്മാനുവേല്‍ എന്നായിരുന്നെങ്കില്‍ മുരിയാട് എത്തിയപ്പോള്‍ അത് സിയോന്‍ എന്നായി. 2012 ല്‍ ലോകം അവസാനിക്കുമെന്ന പ്രചാരണമായിരുന്നു പ്രധാനം.

ഇതുവരെ ആരും കേള്‍ക്കുകയോ ചിന്തിക്കുകയോ പോലും ചെയ്യാത്ത അബദ്ധജഡികങ്ങളായ ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. സ്വര്‍ഗത്തില്‍ ആകെയുള്ള 1,44,000 സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടെന്നും ആ സീറ്റുകള്‍ മുരിയാട് പണിയപ്പെടുന്ന പെട്ടക രൂപത്തിലുള്ള കെട്ടിടത്തിലുള്ളവയാണെന്നമുള്ള പൊന്നാറയുടെ വാക്കുകളില്‍ കുടുങ്ങിയ നിരവധി ആളുകള്‍ ചോദിച്ചതിലും അധികം പണം നല്‍കി മുരിയാട് എത്തി കുടുംബസമേതം താമസമാക്കുകയും ചെയ്തു.

ഇതൊന്നും പോരാഞ്ഞിട്ട് സീറ്റിന് ഒരു ലക്ഷം നല്‍കിയും ഉള്ള സ്വത്ത് മുഴുവന്‍ വിറ്റ് സീയോന് സംഭാവന നല്‍കിയും വഴിയാധാരമായ നിരവധി ആളുകളുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതുമാത്രമല്ല ലോകാവസാനം സമീപിച്ചിരിക്കുന്നതിനാല്‍ സിയോനിലെ അംഗങ്ങള്‍ക്ക് വിവാഹവും നിഷിദ്ധമായിരുന്നു. നിരവധി യുവതീയുവാക്കള്‍ അത്തരത്തില്‍ വിവാഹം ഉപേക്ഷിച്ച് സിയോനിലെ 'ശുശ്രൂഷ'കള്‍ക്കൊപ്പം കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു. സ്വര്‍ഗത്തില്‍ സീറ്റ് ലഭിക്കാന്‍ വിദേശത്തെ ഉന്നത ജോലി ഉപേക്ഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

2012 -ല്‍ ലോകാവസാനം സംഭവിക്കാതിരുന്നതാണ് ജോസഫ് പൊന്നാറയുടെ പദ്ധതികളുടെ വിശ്വാസ്യത നഷ്ടപ്പെടാനുണ്ടായ ആദ്യ കാരണം. പുതിയൊരു രക്ഷകന്‍ സിയോനില്‍ ജനിക്കുമെന്ന മറ്റൊരു പ്രവചനവും വൃഥാവിലായി. അന്ന് ജനിച്ചത് പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍ ജനിച്ചത് ക്രിസ്തുവിന്റെ മാതാവായ മറിയമാണെന്നായിരുന്നു അടുത്ത വാദം. തനിക്ക് മരണമില്ല, ഉടലോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് അവകാശപ്പെട്ടിരുന്ന ജോസഫ് പൊന്നാറ 2017 -ല്‍ രോഗബാധിതനായി മരണപ്പെട്ടതും പ്രസ്ഥാനത്തിന് തിരിച്ചടിയായി.

മറിയം പരിശുദ്ധ ത്രിത്വത്തില്‍ അംഗമാണെന്നും ക്രിസ്തുവിലൂടെ ലോകത്തിന് രക്ഷ കൈവന്നിട്ടില്ലെന്നുമുള്ള ആശയപ്രചാരണങ്ങളും എംപറര്‍ എമ്മാനുവല്‍ ഗ്രൂപ്പും ജോസഫ് പൊന്നാറയും നടത്തിയിരുന്നു. സിയോനില്‍ അംഗമാവുക മാത്രമാണ് രക്ഷപെടാനുള്ള ഒരേയൊരു മാര്‍ഗം എന്നതായിരുന്നു പ്രചരണങ്ങളുടെ മുഖ്യലക്ഷ്യം.

ലോകാവസാനം എന്ന ആദ്യ പ്രവചനവും തുടര്‍പ്രവചനങ്ങളും ഫലിക്കാതെ വന്നപ്പോഴും, വാസ്തവം മനസിലാക്കി സംഘത്തില്‍ നിന്ന് വിട്ടുപോയവരും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.