സീറോമലബാര്‍ മിഷന്‍ ക്വിസില്‍ വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ചങ്ങനാശേരി അതിരൂപതയ്ക്കുള്ള അവാര്‍ഡ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വീകരിക്കുന്നു.
കൊച്ചി: സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ മിഷന്‍ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷന്‍ ക്വസ്റ്റ് എന്ന ഓണ്‍ലൈന്‍ മിഷന്‍ ക്വിസ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.
വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ സാന്റിന സിജോ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗാസാ ബെന്നി രണ്ടാം സ്ഥാനവും ഉജ്ജയിന്‍ രൂപതയിലെ ജോയല്‍ ജോജോ മൂന്നാം സ്ഥാനവും നേടി.
മുതിര്‍ന്നവരുടെ വിഭാഗത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ സോഫി ജോസഫ് ഒന്നാം സ്ഥാനവും ചങ്ങനാശേരി അതിരൂപതയിലെ റോഷിന ജോസഫ് രണ്ടാം സ്ഥാനവും ചിക്കാഗോ രൂപതയിലെ പിന്റോ അക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കായുള്ള സമ്മാനത്തുകയും പ്രശസ്തിപത്രവും അതതു രൂപതകളിലെ മെത്രാന്മാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവില്‍ നിന്ന് ഏറ്റുവാങ്ങി.
മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാര്‍ വിശാസികളെ സഭാപരമായ പഠനങ്ങള്‍ക്കായി ഒരേ വേദിയില്‍ കൊണ്ടുവരാന്‍ മിഷന്‍ ക്വസ്റ്റിനു സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നവംബര്‍ 20 ന് ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരം അഞ്ച് ഭാഷകളില്‍ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്.
വി. മത്തായിയുടെ സുവിശേഷം, ഇന്ത്യയും വി. തോമാശ്ലീഹായും, വി. ലാസറസ് ദൈവസഹായം: ഇന്ത്യയുടെ ആദ്യത്തെ അല്‍മായ വിശുദ്ധന്‍, സീറോമലബാര്‍ സഭയെ കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷന്‍ ക്വിസ് തയ്യാറാക്കിയത്.
www.syromalabarmission.com എന്ന വെബ്സൈറ്റില്‍ രൂപതാതലത്തിലും ആഗോളതലത്തിലുമുള്ള വിജയികളുടെ വിശദശാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സീറോ മലബാര്‍ മിഷന്‍ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത് എം.എസ്.ടി, വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, സി. മെര്‍ലിന്‍ ജോര്‍ജ്, സി. ജിന്‍സി ചാക്കോ, രൂപതാ മതബോധന കമ്മീഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26