നിക്കരാഗ്വയിൽ വീട്ടുതടങ്കലിൽ കഴിയുന്ന മതഗൽപ്പ ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്

നിക്കരാഗ്വയിൽ വീട്ടുതടങ്കലിൽ കഴിയുന്ന മതഗൽപ്പ ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്

മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപതിയായ ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ബിഷപ്പ് റൊളാൻഡോ ജോസ് അൽവാരസ് ലാഗോസ് വിചാരണ നേരിടണമെന്ന് കോടതി. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കോടതിയിൽ നിന്നുണ്ടായത്. എന്നാൽ വിചാരണ എന്ന് തുടങ്ങുമെന്ന് കോടതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ച നടന്ന വിചാരണയ്ക്ക് മുമ്പുള്ള വാദം കേള്‍ക്കലിനിടെ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്ന മതഗൽപ്പ രൂപതയുടെ ബിഷപ്പ് വീട്ടുതടങ്കലിൽ തുടരണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സഭയുടെ അധീനതയിലുള്ള കെട്ടിടത്തിൽ തങ്ങിയ മെത്രാനെയും ഒപ്പം ഉണ്ടായിരുന്ന വൈദികരെയും ഭരണകൂടം 2022 ഓഗസ്റ്റ് 19 ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്റ്റെലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിന് മേൽ "രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലമാക്കി, നിക്കരാഗ്വൻ ഭരണകൂടത്തിനും സമൂഹത്തിനും ദോഷകരമായി വിവര വിനിമയ സാങ്കേതികവിദ്യകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു" എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്.


ബിഷപ്പ് റൊളാൻഡോ ജോസ് അൽവാരസ് ലാഗോസ്

ഫാദർ യൂറിയൽ അന്റോണിയോ വല്ലെജോസിനെതിരായ അറസ്റ്റ് വാറണ്ടും ജഡ്ജി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ പ്രവാസത്തിൽ കഴിയുന്ന സെബാക്കോ നഗരത്തിലെ ജീസസ് ഡി ലാ ഡിവിന മിസെറികോർഡിയ ഇടവകയിലെ പാസ്റ്റർക്കെതിരെയും ഇതേ കുറ്റം ചുമത്തി.

നിക്കരാഗ്വയിൽ 2007 ൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ബിഷപ്പാണ് അൽവാരസ്.

നിക്കരാഗ്വൻ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുക, ഭരണഘടനാ അധികാരികളെ ആക്രമിക്കുക എന്നീ ലക്ഷ്യങ്ങളോടെ "അക്രമ ഗ്രൂപ്പുകളെ സംഘടിപ്പിക്കാൻ" ശ്രമിച്ചുവെന്നാരോപിച്ച് ക്യൂറിയയിൽ രണ്ടാഴ്ച നിർബന്ധിതമായി തടവിൽ വെച്ച ശേഷം പുരോഹിതന്മാർ, വൈദീക വിദ്യാർത്ഥികൾ, അത്മായർ എന്നിവരോടൊപ്പമാണ് ബിഷപ്പിനെ കസ്റ്റഡിയിലെടുത്തത്.

ബിഷപ്പിനെ പിന്നീട് വീട്ടുതടങ്കലിലാക്കാൻ മനാഗ്വയിലെ സ്വകാര്യ വസതിയിലേക്ക് മാറ്റി. അറസ്റ്റിലായ മറ്റുള്ളവരെ തലസ്ഥാനത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കത്തോലിക്കാ സഭയും ഒർട്ടെഗയുടെ സാൻഡിനിസ്റ്റ സർക്കാരും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ബിഷപ്പ് അൽവാരസിനെതിരെയുള്ള ആരോപണങ്ങൾ.


കത്തോലിക്ക സഭയുടെ മേൽ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ നിരവധി വൈദികരെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ വിമർശകനായിരുന്ന സില്‍വിയോ ബായിസ് എന്ന മെത്രാന് ഏതാനും വൈദികരോടൊപ്പം രാജ്യം വിടേണ്ടതായി വന്നിരിന്നു.

നിക്കരാഗ്വയിൽ സഭയും സർക്കാരും തമ്മിലുള്ള സംഘർഷം

2018 ഏപ്രിലിൽ ആരംഭിച്ച വിവാദ സർക്കാർ പരിഷ്കാരങ്ങൾക്കെതിരായ വലിയ പ്രതിഷേധങ്ങളാൽ ഈ മധ്യ അമേരിക്കൻ രാജ്യം ആടിയുലഞ്ഞപ്പോൾ ഭരണകൂടത്തിനെതിരെ തെരുവിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. 360 ആളുകളാണ് ഈ പ്രതിഷേധ പ്രകടനങ്ങളിൽ മരണമടഞ്ഞത്. ആരോപണവിധേയരായവർ ഈ അട്ടിമറിയിൽ പങ്കാളികളാണെന്ന് ഒർട്ടേഗ ആരോപിച്ചു.

പ്രതിഷേധത്തിനിടെ മധ്യസ്ഥത വഹിക്കാനുള്ള ശ്രമം കത്തോലിക്കാ സഭ നടത്തുന്നുണ്ടായിരുന്നു. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിരവധി സന്യാസിനികളെയും, മിഷണറിമാരെയും ഇതിനോടകം ഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കി.

കൂടാതെ ചില കത്തോലിക്ക റേഡിയോ, ടിവി സ്റ്റേഷനുകൾക്കും ഭരണകൂടം അടച്ചുപൂട്ടിയതും സമീപകാലത്തു നടന്ന സംഭവമാണ്. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്.

സംഭവങ്ങളെത്തുടർന്ന്, ലോകമെമ്പാടുമുള്ള നിരവധി ബിഷപ്പ് കോൺഫറൻസുകളും സംഘടനകളും നിക്കരാഗ്വൻ സഭയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരുന്നു.

നിക്കരാഗ്വയെക്കുറിച്ചുള്ള മാർപ്പാപ്പയുടെ ആശങ്ക

2022 ഓഗസ്റ്റ് 21 ഞായറാഴ്‌ച ആഞ്ചെലസ് പ്രാർത്ഥനയ്‌ക്കിടെ നിക്കരാഗ്വയിലെ സ്ഥിതിഗതികൾ ഫ്രാൻസിസ് മാർപ്പാപ്പ പരാമർശിച്ചിരുന്നു. സംഭവവികാസങ്ങളെ താൻ “ഉത്കണ്ഠയോടും ദുഃഖത്തോടും കൂടി” സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും തുറന്നതും ആത്മാർത്ഥവുമായ ചർച്ചകളിലൂടെ പിരിമുറുക്കത്തിന് അയവുവരുമെന്ന പ്രത്യാശയും പാപ്പ പ്രകടിപ്പിച്ചു.

മാന്യവും സമാധാനപരവുമായ സഹവർത്തിത്വം ഇനിയും കണ്ടെത്താനാകുമെന്നും മാർപ്പാപ്പ വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പോലും നിക്കരാഗ്വൻ ഗവൺമെന്റിന്റെ കത്തോലിക്കാ സഭയുടേത് ഉൾപ്പെടെ രാജ്യത്തെ പൗരന്മാരുടെ സംഘടനകളെ അടിച്ചമർത്തുന്ന നിലപാടിൽ നിരാശ പ്രകടിപ്പിച്ചു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.