പറക്കാനൊരുങ്ങി ബോണ്‍സ; ഓസ്‌ട്രേലിയയിലെ ബജറ്റ് വിമാന സര്‍വീസിന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയുടെ പച്ചക്കൊടി

പറക്കാനൊരുങ്ങി ബോണ്‍സ; ഓസ്‌ട്രേലിയയിലെ ബജറ്റ് വിമാന സര്‍വീസിന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയുടെ പച്ചക്കൊടി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ വിമാനക്കമ്പനിയായ ബോണ്‍സ എയര്‍ലൈന് സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പച്ചക്കൊടി വീശിയത്.

ഇതോടെ ക്വീന്‍സ്ലാന്‍ഡിലുടനീളമുള്ള പ്രാദേശിക വിമാനത്താവളങ്ങളിലേക്കും അന്തര്‍ സംസ്ഥാനങ്ങളിലേക്കും ഫ്‌ളൈറ്റുകള്‍ ആരംഭിക്കാന്‍ ബോണ്‍സാ എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ക്വീന്‍സ് ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കെയ്ന്‍സ്, ടൗണ്‍സ്വില്ലെ, വിറ്റ്സണ്ടേ തീരം, മക്കെ, റോക്ക്ഹാംപ്ടണ്‍, ഗ്ലാഡ്സ്റ്റോണ്‍, ബുണ്ടാബെര്‍ഗ്, ക്വീന്‍സ്ലാന്‍ഡിലെ ടൂവൂംബ വെല്‍ക്യാമ്പ് എന്നിവയുള്‍പ്പെടെ സണ്‍ഷൈന്‍ കോസ്റ്റിലെ ബേസില്‍ നിന്ന് 16 സ്ഥലങ്ങളിലേക്കാണ് സര്‍വീസുള്ളത്.

അന്തര്‍സംസ്ഥാന ലക്ഷ്യസ്ഥാനങ്ങളില്‍ കോഫ്‌സ് ഹാര്‍ബര്‍, പോര്‍ട്ട് മക്വാരി, ടാംവര്‍ത്ത്, ന്യൂകാസില്‍, ആല്‍ബറി, മില്‍ഡുറ, അവലോണ്‍, മെല്‍ബണ്‍ എന്നിവ ഉള്‍പ്പെടുന്നു.

ഫെബ്രുവരിക്ക് മുമ്പ് വിമാനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റ് വില്‍പ്പന ആരഭിക്കുമെന്ന് ബോണ്‍സ ചീഫ് എക്സിക്യൂട്ടീവ് ടിം ജോര്‍ദാന്‍ പറഞ്ഞു. ബോണ്‍സയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്ത ട്രാവല്‍ ഏജന്റുമാര്‍ വഴിയും മാത്രമേ ടിക്കറ്റുകള്‍ വില്‍ക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈഗര്‍ എയര്‍വേയ്സ് ആരംഭിച്ചതിന് ശേഷമുള്ള ഓസ്ട്രേലിയയിലെ ആദ്യത്തെ എയര്‍ലൈനാണിതെന്ന് പ്രാദേശിക വികസന മന്ത്രി കാതറിന്‍ കിംഗ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വ്യോമയാന മേഖലയാണ് ഓസ്ട്രേലിയയുടേതെന്നും അവര്‍ പറഞ്ഞു.

പുതിയ വിമാനക്കമ്പനിയുടെ പ്രവേശനം ആഭ്യന്തര നിരക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

777 പാര്‍ട്‌ണേഴ്‌സ് എന്ന യുഎസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ പിന്തുണയോടെയാണ് ബോണ്‍സ പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര വിമാന വിപണിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ക്വാണ്ടസ്, ജെറ്റ്സ്റ്റാര്‍, വിര്‍ജിന്‍, റെക്‌സ് എന്നീ വമ്പന്‍ എയര്‍ലൈനുകളുമായാണ് ബോണ്‍സ മത്സരിക്കാനൊരുങ്ങുന്നത്.

സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബന്‍ തുടങ്ങി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളെ ഒഴിവാക്കി പ്രാദേശിക മേഖലകളിലേക്കു സര്‍വീസ് നടത്താനാണ് ബോണ്‍സ ലക്ഷ്യമിടുന്നത്. പ്രധാനമായും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു സര്‍വീസ് നടത്താനാണ് തീരുമാനം.

ലോക്ഡൗണ്‍ കഴിഞ്ഞതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ലോകത്തിലെ ഏറ്റവും മികച്ച 15 ആഭ്യന്തര വ്യോമയാന വിപണികളില്‍, കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ ഇല്ലാത്തത് ഓസ്‌ട്രേലിയയ്ക്കു മാത്രമാണ്. 2020-ല്‍ വിര്‍ജിന്റെ ഉപസ്ഥാപനമായ ടൈഗര്‍ എയര്‍ ഓസ്‌ട്രേലിയ പ്രവര്‍ത്തനം നിര്‍ത്തിയത് ബജറ്റ് വിമാന സര്‍വീസ് മേഖലയില്‍ വലിയ തിരിച്ചടിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26