കോണ്‍ഗ്രസ് ഓഫീസുകളില്‍ സ്റ്റാഫ് നിയമനത്തിന് പുതിയ മാര്‍ഗരേഖ; കാലാവധി അഞ്ച് വര്‍ഷത്തേക്ക്

കോണ്‍ഗ്രസ് ഓഫീസുകളില്‍ സ്റ്റാഫ് നിയമനത്തിന് പുതിയ മാര്‍ഗരേഖ; കാലാവധി അഞ്ച് വര്‍ഷത്തേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫീസുകളില്‍ സ്റ്റാഫ് നിയമനത്തിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. കെ.പി.സി.സിയിലെ ഫണ്ട് വിവാദത്തിന്റെയും, പ്രസിഡന്റിന്റെ മുന്‍ സ്റ്റാഫിനെ ചൊല്ലിയുയര്‍ന്ന ആക്ഷേപങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.

കെ.പി.സി.സി ആസ്ഥാനത്തെയും ഡി.സി.സി ആസ്ഥാനങ്ങളിലെയും നിയമനങ്ങള്‍ക്കാണ് മാര്‍ഗരേഖ. സ്റ്റാഫായി നിയമിതരാകുന്നവരുടെ സാമൂഹ്യപശ്ചാത്തലം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യണം.

ആകെ നിയമനങ്ങളില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ അമ്പത് ശതമാനം നിയമനങ്ങള്‍ വനിതകള്‍, പിന്നാക്കക്കാര്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്കായി നീക്കിവയ്ക്കണമെന്നതാണ് സുപ്രധാന തീരുമാനം. ഇവരില്‍ തന്നെ 45 വയസിന് താഴെയുള്ളവര്‍ക്കാവണം നിയമനം.

കെ.പി.സി.സിയിലെ ആകെ ജീവനക്കാരുടെ എണ്ണം പരമാവധി 18 ഉം ഡി.സി.സികളില്‍ ഏഴും ആയിരിക്കണം. നിയമനം ലഭിക്കുന്നവരെപ്പറ്റി അതത് ബൂത്ത്കമ്മിറ്റി പ്രസിഡന്റ് മുതല്‍ ഡി.സി.സി അധ്യക്ഷന്‍ വരെയുള്ളവര്‍ കൃത്യമായ പരിശോധന നടത്തി അവര്‍ കുഴപ്പക്കാരല്ലെന്നും പാര്‍ട്ടി കൂറുള്ളവരുമാണെന്ന് സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് കെ.പി.സി.സി നേതൃത്വത്തിന് കൈമാറണം.

കെ.പി.സി.സി സ്വന്തം നിലയ്ക്കും അന്വേഷണം നടത്തി ഇവരുടെ പശ്ചാത്തലം ഉറപ്പ് വരുത്തണം. എല്ലാ ജീവനക്കാര്‍ക്കും നിയമനത്തിന് നിശ്ചിത കാലയളവ് വേണം. അതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ ആവശ്യമെങ്കില്‍ പുനര്‍നിയമനം നല്‍കാം. നിയമിതരാകുന്നവര്‍ക്ക് ആദ്യത്തെ ആറ് മാസം പരിശീലന കാലയളവാണ്.

ഈ ഘട്ടത്തില്‍ സ്‌റ്റൈപ്പന്റ് മാത്രമേ ലഭിക്കൂ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മറ്റും വിരമിച്ച ശേഷം വരുന്നവര്‍ക്ക് ശമ്പള വ്യവസ്ഥയില്‍ പാര്‍ട്ടി ഓഫീസില്‍ നിയമനം നല്‍കുന്നത് നിരുത്സാഹപ്പെടുത്തണം. ഇത്തരക്കാര്‍ക്ക് സന്നദ്ധസേവനമാകാം.

മുഴുവന്‍ സമയ സന്നദ്ധസേവനത്തിന് തയാറായെത്തുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായമേര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. 65 വയസായി നിജപ്പെടുത്താനാണ് ഉദ്ദേശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.