ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചു; ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണക്കേസില്‍ മുന്‍ പ്രസിഡന്റിന് 10 കോടി പിഴ ചുമത്തി കോടതി

ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചു; ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണക്കേസില്‍ മുന്‍ പ്രസിഡന്റിന് 10 കോടി പിഴ ചുമത്തി കോടതി

മൈത്രിപാല സിരിസേന

കൊളംബോ: ശ്രീലങ്കയില്‍ 2019-ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ട മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നഷ്ടപരിഹാരമായി 10 കോടി ശ്രീലങ്കന്‍ രൂപ (ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്.

നടക്കാന്‍ പോകുന്ന ആക്രമണത്തെക്കുറിച്ച് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ഏറ്റവും വിനാശകരമായ ഭീകരാക്രമണം തടയുന്നതില്‍ കാണിച്ച അവഗണനയുടെ പേരിലാണ് കോടതി പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.

മുന്‍ പൊലീസ് മേധാവി പൂജിത് ജയസുന്ദരയും മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി നിലന്ത ജയവര്‍ധനെയും 7.5 കോടി രൂപ വീതവും മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ അഞ്ചു കോടിയും നഷ്ടപരിഹാരമായി നല്‍കണം.


കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കി ശ്രീലങ്കന്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഉത്തരവ് പുറത്തുവിട്ടത്.

ഹര്‍ജിക്കാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതികള്‍ പരാജയപ്പെട്ടതായി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍നിന്ന് വിശദമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് സിരിസേന തന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 12 പേരാണ് ഹര്‍ജി നല്‍കിയത്.

274 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക്‌ നീതി ആവശ്യപ്പെട്ട് മൂന്ന് വര്‍ഷത്തിലേറെയായി ശ്രീലങ്കയിലെ കത്തോലിക്കാ സഭ രംഗത്തുണ്ട്.

കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വത്തിക്കാനിലും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിച്ചിരുന്നു.

ഭീകരാക്രമണം വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുപരമോ ആയ ലക്ഷ്യങ്ങളുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു. ഭീകരാക്രമണം സംബന്ധിച്ച് യു.എന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയില്‍ 274 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ആക്രമണത്തില്‍ 542ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.