കോപ് 28 കാലാവസ്ഥാ ഉച്ചകോടിയെ നയിക്കാൻ യുഎഇ ഓയിൽ മേധാവി: ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

കോപ് 28 കാലാവസ്ഥാ ഉച്ചകോടിയെ നയിക്കാൻ യുഎഇ ഓയിൽ മേധാവി: ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

അബുദാബി: കാലാവസ്ഥാ വ്യതിയാനത്തിനുള്ള യുഎഇ പ്രത്യേക ദൂതനായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറിനെ കോപ് 28 (COP28) യുഎഇയുടെ നിയുക്ത പ്രസിഡന്റായി നിയമിച്ചു. പാരിസ്ഥിതിക വെല്ലുവിളികളോടുള്ള ആഗോള പ്രതികരണത്തെ വൻകിട വ്യവസായങ്ങൾ അപഹരിക്കുകയാണെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടികൊണ്ടാണ് ഈ വർഷത്തെ കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് യുഎഇയിലെ എണ്ണ ഭീമനായ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ തലവൻ നേതൃത്വം നൽകുന്നത്.

യുഎഇയുടെ വ്യവസായ-സാങ്കേതിക മന്ത്രി കൂടിയാണ് സുൽത്താൻ അഹമ്മദ് അൽ ജാബർ. കൂടാതെ നിലവിൽ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പ്രത്യേക ദൂതനായ അദ്ദേഹം 2010 മുതൽ 2016 വരെയുള്ള കാലയളവിലും തൽസ്ഥാനത്ത് സേവനം അനുഷ്ഠിച്ചിരുന്നു. സമ്മേളനത്തിന്റെ അജണ്ട രൂപപ്പെടുത്തുന്നതിനും സമവായം ഉണ്ടാക്കുന്നതിനുള്ള സർക്കാർതല ചർച്ചകൾക്കും ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെയോ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷന്റെ സെക്രട്ടേറിയറ്റിന്റെയോ പങ്കാളിത്തമില്ലാതെയാണ് യുഎഇ കോപ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് അഭിപ്രായപ്പെട്ടു.

നടപടിയിലൂടെ കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും മോശമായ ആഘാതം തടയാനുള്ള പോരാട്ടത്തിൽ തങ്ങൾ പരാജയപ്പെടുകയാണെന്ന് ഡുജാറിക് പറഞ്ഞു. ജൈവപരമായി ഭൂമിക്കടിയില്‍ രൂപപ്പെടുന്ന പെട്രോള്‍, കല്‍ക്കരി തുടങ്ങിയ ജൈവ ഇന്ധനങ്ങളോടുള്ള ആസക്തി അവസാനിപ്പിക്കാതെ കാലാവസ്ഥാ ദുരന്തം ഒഴിവാക്കാൻ മറ്റൊരു മാർഗവും നമുക്ക് മുന്നിലില്ലെന്നും സെക്രട്ടറി ജനറൽ ഊന്നിപ്പറയുന്നു.

2022 ൽ ഈജിപ്തിന് ശേഷം കാലാവസ്ഥാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ അറബ് രാഷ്ട്രമാണ് ഒപെക് എണ്ണ കയറ്റുമതി രാജ്യമായ യുഎഇ.

ജൈവ ഇന്ധന നിർമ്മാതാക്കൾ ഉദ്വമനം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വെള്ളം ചേർത്തുവെന്നും പ്രകൃതി വാതക കയറ്റുമതിക്കാരും ഗൾഫ് സംഭാവനകൾ സ്ഥിരമായി സ്വീകരിക്കുന്നവരുമായ ഈജിപ്തിന്റെ അനുഭാവപൂർവ്വമായ ഇടപെടലിൽ നിന്നും ആനുകൂല്യം നേടുകയും ചെയ്തുവെന്ന് പരിസ്ഥിതി പ്രവർത്തകരും ചില പ്രതിനിധികളും കോപ് 27 നെ വിമർശിച്ചുകൊണ്ട് പറയുന്നത്.

എന്നാൽ ഈജിപ്ഷ്യൻ അദ്ധ്യക്ഷപദം ഈ ആരോപണം നിഷേധിച്ചു.

ജൈവഇന്ധനം ലോകത്തിൽ നിന്നും തുടച്ചുനീക്കുന്നതിനുള്ള "കടുത്ത പ്രഹരം" എന്നാണ് സുൽത്താന്റെ നിയമനത്തെ പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും ഭൂമിയുടെ ഭാവി സുരക്ഷിതമാക്കാനും വേണ്ടി പരിശ്രമിക്കുന്ന ഗ്ലോബൽ വിറ്റ്നസ് എന്ന സ്ഥാപനം വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ ഉച്ചകോടി പോലെ ജൈവ ഇന്ധന താൽപ്പര്യമുള്ളവർ ഈ പ്രക്രിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയും സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്നതിനുള്ള സാധ്യത തന്നെ ഇത്തവണയും തങ്ങൾ കാണുന്നുവെന്ന് ആക്ഷൻ എയ്ഡിലെ കാലാവസ്ഥാ നീതിയുടെ ആഗോള ലീഡ് തെരേസ ആൻഡേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു.

ഈജിപ്തിലെ ഷർം എൽ ഷൈഖിൽ നടന്ന കാലാവസ്ഥാ ചർച്ചയിൽ 600 ലധികം ജൈവ ഇന്ധനത്തെ പിന്തുണയ്ക്കുന്ന ആളുകൾ പങ്കെടുത്തിരുന്നു.

കോപ് 28 ന് വേണ്ടിയുള്ള ചർച്ചകൾക്ക് ഒരു ഓയിൽ സിഇഒയെ ചുമതലപ്പെടുത്തുന്നത് വ്യക്തമായും സംഘടനയുടെ താൽപ്പര്യ വൈരുദ്ധ്യമാണെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിൽ മുഖ്യ എഴുത്തുകാരിയായി സേവനമനുഷ്ഠിച്ച പരിസ്ഥിതി ഭൂമിശാസ്ത്രജ്ഞയായ ലിസ ഷിപ്പർ പറഞ്ഞു.

ഹൈഡ്രോകാർബണുകളിൽ നിന്നുള്ള ഒരു 'റിയലിസ്റ്റിക്' പരിവർത്തനം

അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (ADNOC) 24 ശതമാനം ഓഹരിയുള്ള അബുദാബിയിലെ പുനരുപയോഗ ഊർജ സ്ഥാപനമായ മസ്ദറിന്റെ സ്ഥാപക സിഇഒ എന്ന നിലയിൽ, യുഎഇയിൽ പുനരുപയോഗിക്കാൻ കഴിയുന്ന ഊർജങ്ങൾ സ്വീകരിക്കുന്നതിനുള്ള ഉത്തരവിന്റെ മേൽനോട്ടം വഹിച്ച സുൽത്താൻ അഹമ്മദ് അൽ ജാബറിന് ഗ്രീൻ ക്രെഡൻഷ്യലുകൾ ഉണ്ട്.

കഴിഞ്ഞ വർഷം അവസാനം അംഗീകരിച്ച എഡിഎൻഓസിയുടെ ലോ-കാർബൺ വളർച്ചാ തന്ത്രത്തിന്റെ ത്വരിതപ്പെടുത്തലിന് അദ്ദേഹം മേൽനോട്ടം വഹിക്കുന്നു. യുഎഇയും മറ്റ് ഗൾഫ് നിർമ്മാതാക്കളും ഡീകാർബണൈസേഷനിൽ പ്രതിജ്ഞാബദ്ധരായിരിക്കുമ്പോൾ ഊർജ്ജ സുരക്ഷയിൽ ഹൈഡ്രോകാർബണുകളുടെ ഒരു പങ്ക് നിലനിർത്തുന്ന ഒരു 'റിയലിസ്റ്റിക്' പരിവർത്തനത്തിനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനും യൂറോപ്പിലെ ഊർജ പ്രതിസന്ധിക്കും ശേഷം എണ്ണയും വാതകവും സമുദ്രത്തിന്റെ അടിത്തട്ടിൽ തന്നെ ഉപേക്ഷിക്കണമെന്ന സർക്കാരുകൾക്കും കമ്പനികൾക്കുമുള്ള സമ്മർദങ്ങൾ കുറഞ്ഞിരുന്നു.

പാരീസ് ഉടമ്പടി അംഗീകരിക്കുന്ന ഗൾഫിലെ ആദ്യത്തെ രാജ്യമായ യുഎഇ 2050 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം കഴിയുന്നത്ര പൂജ്യത്തിനടുത്തായി കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്. നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കോപ് 28 കോൺഫറൻസ് 2015 ലെ സുപ്രധാനമായ പാരീസ് ഉടമ്പടിക്ക് ശേഷം ആദ്യമായി ആഗോള തലത്തിൽ നിലവിലെ സാഹചര്യം തിട്ടപ്പെടുത്തുന്നതിനുള്ള അവസരമായിരിക്കും.

കോപ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യ സിഇഒ താനായിരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞ സുൽത്താൻ, യു‌എഇ “പ്രായോഗികവും യാഥാർത്ഥ്യബോധമുള്ളതും പരിഹാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനം” കൊണ്ടുവരുമെന്നും പറഞ്ഞു. എല്ലാ പങ്കാളികളെയും ഉൾക്കൊള്ളുന്ന ഒരു സമീപനം തങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈയാഴ്ച സുൽത്താൻ അഹമ്മദ് അൽ ജാബറുമായി കൂടിക്കാഴ്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നയ മേധാവി ഫ്രാൻസ് ടിമ്മർമൻസ് പറഞ്ഞു. നിയുക്ത പ്രസിഡന്റ് എന്ന നിലയിൽ കാലാവസ്ഥാ പ്രതിസന്ധിയോടുള്ള ആഗോള പ്രതികരണം രൂപപ്പെടുത്തുന്നതിൽ യുഎഇക്ക് നിർണായക പങ്കുണ്ടെന്നും തങ്ങൾ വേഗത കൂട്ടേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.