• Mon Mar 31 2025

ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളുടെ പട്ടിക വത്തിക്കാൻ പുറത്തിറക്കി

ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളുടെ പട്ടിക വത്തിക്കാൻ പുറത്തിറക്കി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ വരും ആഴ്‌ചകളിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളുടെ കലണ്ടർ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. തിരുവചനത്തിന്റെ ഞായറാഴ്ചയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സൗത്ത് സുഡാനിലുമുള്ള സന്ദർശനവേളയിൽ അർപ്പിക്കുന്ന കുർബാനകളും ഈ കലണ്ടറിൽ ഉൾപ്പെടുന്നു.

ജനുവരി 22 മുതൽ ഫെബ്രുവരി ആദ്യവാരം വരെയുള്ള മാർപ്പാപ്പ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനകളുടെയും പ്രാർത്ഥനകളുടെയും പട്ടികയാണ് വത്തിക്കാനിലെ ഓഫീസ് പുറത്തിറക്കിയിരിക്കുന്നത്.

ജനുവരി 22 തിരുവചനത്തിന്റെ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കും.

തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ജനുവരി 25 ന് സെന്റ് പോൾ ബസിലിക്കയിൽ ആഘോഷിക്കുന്ന രണ്ടാമത്തെ സന്ധ്യാപ്രാര്‍ത്ഥന നയിച്ചുകൊണ്ട് മാർപ്പാപ്പ വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പരിവർത്തനത്തിന്റെ മഹത്വം വിശ്വാസികൾക്ക് വിശദീകരിക്കും.

ക്രിസ്ത്യൻ സമൂഹത്തിന്റെ ഐക്യത്തിനായുള്ള പ്രാർത്ഥനയ്ക്കായുള്ള ആഴ്‌ചയുടെ സമാപനം ഈ ആഘോഷത്തോടെയാണ്. കൂടാതെ സെന്റ് പോൾസിലെ എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായി പങ്കെടുക്കാൻ കഴിയുന്ന ഈ സന്ധ്യപ്രാർത്ഥനയിൽ മറ്റ് വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളുടെയും സഭാ സമൂഹങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകും.

ആഫ്രിക്കയിലേക്കുള്ള അപ്പസ്‌തോലിക യാത്രക്കിടെയുള്ള വിശുദ്ധ കുർബാനകൾ

ഫെബ്രുവരി മാസത്തിന്റെ അവസാന ദിവസം ഫ്രാൻസിസ് മാർപ്പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും തന്റെ അപ്പസ്തോലിക യാത്ര ആരംഭിക്കും. ഫെബ്രുവരി 5 നാണ് ഈ യാത്ര സമാപിക്കുന്നത്.

യാത്രയുടെ ആദ്യദിനം, ഫെബ്രുവരി ഒന്നിന് ഡിആർ കോംഗോയിലെ കിൻഷാഷയിലുള്ള എൻഡോലോ എയർപോർട്ടിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ തുടങ്ങി നിരവധി ആരാധനാ ചടങ്ങുകളിൽ മാർപ്പാപ്പ അധ്യക്ഷത വഹിക്കും.

ഫെബ്രുവരി രണ്ടിന് നോട്രെ ഡാം ഡു കോംഗോയിലെ കത്തീഡ്രലിൽ പുരോഹിതന്മാർ, ഡീക്കൻമാർ, വൈദിക വിദ്യാർത്ഥികൾ എന്നിവർക്കും ഒപ്പം വിശ്വാസികൾക്കും വേണ്ടിയുള്ള പ്രാർത്ഥനാ യോഗത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കും.

തുടർന്ന് ദക്ഷിണ സുഡാനിലെ ജൂബയിലേക്ക് യാത്ര ചെയ്യുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഫെബ്രുവരി നാലിന് കാന്റർബറി ആർച്ച് ബിഷപ്പും ചർച്ച് ഓഫ് സ്കോട്ട്ലൻഡ് ജനറൽ അസംബ്ലിയുടെ മോഡറേറ്ററുമൊത്ത് ജുബയിലെ ജോൺ ഗരാംഗ് ശവകുടീരത്തിൽ നടക്കുന്ന എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായി പങ്കെടുക്കാൻ കഴിയുന്ന പ്രാർത്ഥനാ ശുശ്രൂഷയിലും പങ്കെടുക്കും. 

അപ്പസ്‌തോലിക സന്ദർശനത്തിന്റെ അവസാന ദിനമായ ഫെബ്രുവരി അഞ്ചിന് മാർപാപ്പ ജോൺ ഗരാംഗ് ശവകുടീരത്തിലേക്ക് മടങ്ങും. തുടർന്ന് അവിടെ വിശുദ്ധ കുർബാനയിലും അന്തിമ ആരാധനയിലും അപ്പസ്തോലിക യാത്രയിലെ അവസാനദിന പ്രധാന പരിപാടിയിലും മാർപ്പാപ്പ അധ്യക്ഷത വഹിക്കും.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.