കൊച്ചി: സീന്യൂസ് ലൈവ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ചുമതലയുള്ള ഡയറക്ടര്‍മാര്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കൂടിക്കാഴ്ച്ച.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിസി കെ ഫെര്‍ണാണ്ടസ് (ദുബായ്), ചീഫ് എഡിറ്റര്‍ ജോ കാവാലം (ഷാര്‍ജ), അഡ്വൈസറി എഡിറ്റര്‍ പ്രകാശ് ജോസഫ് (ഓസ്‌ട്രേലിയ) എന്നിവരാണ് കര്‍ദിനാളിനെ സന്ദര്‍ശിച്ചത്.
സീന്യൂസ് ലൈവിന്റെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി പങ്കുവച്ചു. സീന്യൂസിന്റെ ആരംഭവും വളര്‍ച്ചയും, മലയാളം, ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, നിത്യേനയുള്ള ശരാശരി വായനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ സി.ഇ.ഒ ലിസി കെ ഫെര്‍ണാണ്ടസ് പിതാവിനെ ധരിപ്പിച്ചു. പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ പോളിസി, അന്താരാഷ്ട്ര വാര്‍ത്തകള്‍, മതപരമായ സംഭവങ്ങളിലെ സൂക്ഷ്മ വിശകലനങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ അഡ്വൈസറി എഡിറ്റര്‍ പ്രകാശ് ജോസഫ് അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലുള്ള സിന്യൂസിന്റെ കോര്‍ഡിനേഷന്‍, ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫോറം (ഐ.സി.എഫ്), സമൂഹ മാധ്യമങ്ങളിലും യൂ ട്യൂബിലുമുള്ള സീന്യൂസിന്റെ ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച് ലിസി കെ ഫെര്‍ണാണ്ടസും ജോ കാവാലവും പിതാവിനെ ധരിപ്പിച്ചു. സഭാപരമായ കാര്യങ്ങളില്‍ സീന്യൂസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും ഇരുവരും ചര്‍ച്ചയില്‍ പങ്കുവച്ചു.
സീന്യൂസ് ലൈവിന്റെ ഉപഹാരം ചീഫ് എഡിറ്റര്‍ ജോ കാവാലം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കു കൈമാറുന്നു. സമീപം സി.ഇ.ഒ ലിസി കെ ഫെര്‍ണാണ്ടസ്, അഡ്വൈസറി എഡിറ്റര്‍ പ്രകാശ് ജോസഫ് എന്നിവര്‍
സീന്യൂസ് ലൈവിന്റെ ഉദ്ഘാടനം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍ദിനാള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. കാലഘട്ടത്തിന് അനുസരിച്ച് വലിയ ഉത്തരവാദത്തിത്തോടെയും കൃത്യതയോടെയും സൂക്ഷ്മ വീക്ഷണത്തോടെയും മാധ്യമപ്രവര്‍ത്തനം നടത്താന്‍ തുടര്‍ന്നും സീ ന്യൂസിന് കഴിയട്ടെ എന്ന് മാര്‍ ആലഞ്ചേരി ആശംസിച്ചു. മാധ്യമങ്ങള്‍ പോലും വിലയ്‌ക്കെടുക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിനും സമുദായത്തിനും നന്മ ചെയ്യാന്‍ സീന്യൂസിനാകട്ടെ എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
സീന്യൂസ് ലൈവിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഡയറക്ടര്‍മാരെയും അതിന്റെ പ്രവര്‍ത്തകരെയും പിതാവ് അനുമോദിച്ചു. സീന്യൂസ് ലൈവിന്റെ ഉപഹാരം ചീഫ് എഡിറ്റര്‍ ജോ കാവാലം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കു കൈമാറി.
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പും കെ.സി.ബി.സി മീഡിയ കമ്മിഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പാംപ്ലാനിയുമായും സീന്യൂസ് സംഘം ചര്‍ച്ച നടത്തി. സീന്യൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആര്‍ച്ച് ബിഷപ്പ് വാഗ്ദാനം ചെയ്തു. സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സീന്യൂസിന് നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര സീന്യൂസിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് കഴിയട്ടെയെന്നും ആശംസിച്ചു.
സീന്യൂസ് സംഘം തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചപ്പോള്‍
2021 മെയ് 22 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീന്യൂസ് ലൈവിന്റെ മലയാളം, ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലുകള്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി വായനക്കാരെ ആകര്‍ഷിച്ചുകഴിഞ്ഞു. സീന്യൂസ് യൂട്യൂബ് ചാനലിന്റെ ശക്തമായ സാന്നിധ്യം, സമൂഹ മാധ്യമങ്ങളിലെ സജീവമായ ഇടപെടലുകള്‍ എന്നിവയും ശ്രദ്ധേയമായി കഴിഞ്ഞു.
സഭാ വിഷയങ്ങളിലും സമകാലിക പ്രശ്‌നങ്ങളിലും നിര്‍ണായക നിലപാടുകള്‍ സ്വീകരിച്ച സീന്യൂസിന്റെ വാര്‍ത്തകള്‍ സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന വായനക്കാരാണ് സീന്യൂസ് ലൈവിന്റെ സമ്പാദ്യം. പ്രവാസി മലയാളികളുടെ ശക്തമായ പിന്തുണയിലാണ് സീന്യൂസ് ലൈവ് പ്രവര്‍ത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.