ഉക്രെയ്‌നില്‍ പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; മരണസംഖ്യ 29 ആയി ഉയര്‍ന്നു; 43 പേരെ കാണാതായി

ഉക്രെയ്‌നില്‍ പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം;  മരണസംഖ്യ 29 ആയി ഉയര്‍ന്നു; 43 പേരെ കാണാതായി

കീവ്: ഉക്രെയ്ന്‍ നഗരമായ ഡിനിപ്രോയിലെ ജനവാസമേഖലയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് പതിനഞ്ചുകാരി ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടത്. 73 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 43 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഉപ്പു ഖനനത്തിന് പേരുകേട്ട സോളേദര്‍ നഗരം പിടിച്ചടക്കിയതിന് പിന്നാലെയാണ് ഡിനിപ്രോയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്.

ഡിനിപ്രോ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാര്‍പ്പിട സമുച്ചയത്തിന് നേരെയാണ് ആക്രമണം നടന്നത്. 1700 പേര്‍ താമസിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ ഒരു ഭാഗം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു.

ആക്രമണത്തില്‍ ഒരു കുട്ടിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലുകള്‍ ആക്രമിക്കാന്‍ പ്രയോഗിക്കുന്ന വലിയ മിസൈല്‍ ആണ് റഷ്യ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്

ജനവാസ മേഖലയെ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഉക്രെയ്ന്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് കുടുങ്ങിയ 43 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റീജണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റസ്‌നിചെങ്കോ പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് ഇതോടെ ഭവനരഹിതരായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം റഷ്യ പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട സോളേദര്‍ നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും പോരാട്ടം ശക്തമാണെന്നുമാണ് ഉക്രെയ്ന്‍ അവകാശപ്പെടുന്നത്. യുദ്ധത്തടവുകാരെ കൈമാറാനുള്ള തീരുമാനവും അവസാന നിമിഷം റഷ്യ റദ്ദാക്കിയതായി ഉക്രെയ്ന്‍ ആരോപിച്ചു.

അതിനിടെ, റഷ്യയുടെ ആക്രമണം നേരിടാന്‍ ബ്രിട്ടണ്‍ ഉക്രെയ്‌ന് വന്‍ ആയുധ ശേഖരം കൈമാറി. 14 ചലഞ്ചര്‍ 2 യുദ്ധ ടാങ്കുകളാണ് ഉക്രെയ്‌നിലേക്ക് അയച്ചത്. ശനിയാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് കൂടുതല്‍ ആയുധങ്ങള്‍ ബ്രിട്ടണ്‍ കൈമാറിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

ഉക്രെയ്‌ന് കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കൈമാറുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യമാണ് യു.കെ. ഉക്രെയ്‌നുള്ള പിന്തുണ തീവ്രമാക്കാനുള്ള അഭിലാഷത്തിന്റെ അടയാളമാണ് യുദ്ധ ടാങ്കുകളുടെ കൈമാറ്റമെന്ന് സുനക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.