കർത്താവുമായി നിരന്തര സംവാദവും സഭാകൂട്ടായ്മയും വളർത്തുക; സമൂഹത്തിൽ ദൈവസ്നേഹത്തിന്റെ സുവിശേഷം പങ്കുവെച്ച് പ്രവാചക സാക്ഷികളാകുക: ഫ്രാൻസിസ് മാർപ്പാപ്പ

കർത്താവുമായി നിരന്തര സംവാദവും സഭാകൂട്ടായ്മയും വളർത്തുക; സമൂഹത്തിൽ ദൈവസ്നേഹത്തിന്റെ സുവിശേഷം പങ്കുവെച്ച് പ്രവാചക സാക്ഷികളാകുക: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: സംഭാഷണം, കൂട്ടായ്മ, പ്രേഷിതദൗത്യം എന്നീ മൂന്ന് ഘടകങ്ങൾ വൈദിക പരിശീലനത്തിൽ അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. റോമിലുള്ള വടക്കെ അമേരിക്കൻ പൊന്തിഫിക്കൽ കോളേജിലെ വൈദികരും ശെമ്മാശന്മാരും വൈദികാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിലായിരുന്നു പാപ്പയുടെ ഉദ്‌ബോധനം.

കർത്താവുമായുള്ള നിരന്തര സംവാദവും സഭയിൽ കൂട്ടായ്മയും വളർത്തിയെടുക്കാനും സമൂഹത്തിൽ ദൈവസ്നേഹത്തിന്റെ സുവിശേഷം പങ്കുവെച്ച് പ്രത്യേകമായി ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവരെ സേവിച്ചുകൊണ്ട് പ്രവാചക സാക്ഷികളാകാനും മാർപ്പാപ്പ അവരെ ക്ഷണിച്ചു.

ഒരു "സിനഡാത്മക യാത്ര"

വത്തിക്കാനിൽ പേപ്പൽ അരമനയിലെ ക്ലെമൻറെയിൻ ഹാളിലാണ് വൈദികരും ശെമ്മാശന്മാരും വൈദികാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

വൈദിക വിദ്യാർത്ഥികളുടെ രൂപീകരണവും പൗരോഹിത്യത്തിനുള്ള തയ്യാറെടുപ്പും ഒരു "സിനഡാത്മക യാത്ര" ആയിട്ടാണ് പാപ്പ ഉയർത്തിക്കാട്ടിയത്. "കർത്താവിന്റെ ദാനമായ കൂട്ടായ്മയിൽ ജീവിക്കാനും പ്രേഷിത ശിഷ്യരായിത്തീരുന്നതിനും ദൈവജനത്തെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് വിവേചിച്ചറിയാനായി" പരസ്‌പരവും പരിശുദ്ധാത്മാവിനെയും കേൾക്കാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.

മാത്രമല്ല പൗരോഹിത്യത്തിലേക്കും അജപാലനസേവനത്തിലേക്കുമുള്ള പാതയിൽ പാദമൂന്നിയിരിക്കുന്ന ഏവരും ഏറ്റെടുക്കേണ്ട വെല്ലുവിളിയും ദൗത്യവും ഇതാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

സ്നാപകയോഹന്നാന്റെ സാന്നിധ്യത്തിൽ യേശുവും അവന്റെ ശിഷ്യന്മാരിൽ രണ്ടുപേരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം അനുസ്മരിച്ചുകൊണ്ട് (യോഹന്നാൻ 1: 35-42) പുരോഹിത രൂപീകരണത്തിന് അത്യന്താപേക്ഷിതമായ മൂന്ന് ഘടകങ്ങളെക്കുറിച്ചുള്ള ചില ചിന്തകളും ഫ്രാൻസിസ് മാർപ്പാപ്പ പിന്നീട് പങ്കുവെച്ചു.

സംഭാഷണം

വൈദികപരിശീലനത്തിലെ കാതലായ മൂന്നു ഘടകങ്ങളിൽ ആദ്യത്തെത് സംഭാഷണമാണെന്ന് മാർപ്പാപ്പ പരാമർശിച്ചു. വിശുദ്ധ അന്ത്രയോസിന്റെയും വിശുദ്ധ ശിമയോൻ പത്രോസിന്റെയും ക്രിസ്തീയ രൂപീകരണത്തിലുടനീളം കർത്താവ് അവരുമായി ഒരു “വ്യക്തിഗത സംവാദത്തിൽ” ഏർപ്പെട്ടിരുന്നു.

അവർ എന്താണ് അന്വേഷിക്കുന്നതെന്ന് ചോദിക്കുകയും “വന്ന് കാണുക” എന്ന് പ്രതികരിച്ചുകൊണ്ട് അവരുടെ ഹൃദയത്തിൽ നിന്ന് അവനോട് സംസാരിക്കാനും "വിശ്വാസത്തിലും സ്നേഹത്തിലും ആത്മവിശ്വാസത്തോടെ അവന് സ്വയം സമർപ്പിക്കാനും" അവരെ ക്ഷണിക്കുകയും ചെയ്യുന്നതായി മാർപ്പാപ്പ അഭിപ്രായപ്പെട്ടു. അങ്ങനെ കർത്താവ് വൈദികാർത്ഥികളുമായി വൈക്തിക സംഭാഷണത്തിലേർപ്പെടുന്നു.

അതിനാൽ യേശുവുമായി പ്രാർത്ഥനയാലും വചന ധ്യാനത്താലും പോഷിതമായ അനുദിന ബന്ധം ഊട്ടിവളർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

"യേശുവുമായുള്ള ദൈനംദിന ബന്ധം വളർത്തിയെടുക്കുന്നതും ഈ സംഭാഷണത്തിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് പ്രാർത്ഥന, ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനം, ആത്മീയ അകമ്പടിയുടെ സഹായം, ആരാധനാലയത്തിന് മുമ്പിൽ നിശബ്ദതയിൽ അവനെ ശ്രവിക്കുക എന്നിവയിലൂടെ കർത്താവുമായുള്ള ബന്ധം ആഴത്തിൽ വളർത്തണം" ഫ്രാൻസിസ് മാർപ്പാപ്പ ചൂണ്ടിക്കാട്ടി.

കൂട്ടായ്മ

പൗരോഹിത്യ രൂപീകരണത്തിന്റെ രണ്ടാമത്തെ അടിസ്ഥാന ഘടകം കൂട്ടായ്മയാണ്. യേശുവും ശിഷ്യന്മാരും തമ്മിലുണ്ടായിരുന്നതു പോലുള്ള ഒരു കൂട്ടായ്മ. സർവ്വോപരി ദൈവവുമായും അതുപോലെതന്നെ ക്രിസ്തുവിന്റെ ശരീരമായ സഭയിലെ അംഗങ്ങളുമായുമുള്ള കൂട്ടായ്മ ആഴത്തിൽ ഉണ്ടായിരിക്കണമെന്ന് പാപ്പ വിശദീകരിച്ചു.

സഭയുടെ ഐക്യത്തിന്റെ രഹസ്യം നിയമാനുസൃതമായ നാനാത്വത്തിൽ പ്രകടമാണെങ്കിലും വിശ്വാസത്തിന്റെ ഏകത്വത്തിൽ ജീവിക്കുന്നതാണെന്നും അതിലേക്ക് കൂടി വൈദിക വിദ്യാർത്ഥികളുടെ കണ്ണുകൾ തുറക്കുന്ന് പിടിക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി .

നമ്മുടെ അയൽക്കാരന്റെ മഹത്വം കാണാനും എല്ലാ മനുഷ്യരിലും ദൈവത്തെ കണ്ടെത്താനും പൊതുവായി ജീവിതത്തിലുണ്ടാകുന്ന ഉപദ്രവങ്ങളെ സഹിക്കുന്നതിനും സഹായിക്കുന്ന സാഹോദര്യ സ്‌നേഹം വളർത്തിയെടുക്കുക. ഒപ്പം സഹായം ആവശ്യമുള്ളവരെ പരിപാലിക്കുന്നതിനുള്ള സഭയുടെ മൂർത്തമായ പ്രവർത്തനങ്ങളിലൂടെ സഭ പ്രകടിപ്പിക്കുന്ന ജീവകാരുണ്യത്തിന്റെ പ്രാവചനിക സാക്ഷ്യം" ത്തിൽ പങ്കുചേരാനും മാർപ്പാപ്പ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പാവപ്പെട്ടവരെ സേവിക്കുക എന്ന പ്രേഷിത ദൗത്യം

യേശുവുമായുള്ള സംഭാഷണത്തിനും കൂട്ടായ്മയ്ക്കും ശേഷം അവസാനമായി ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിക്കാട്ടിയ മൂന്നാമത്തെ ഘടകമായിരുന്നു പ്രേഷിത ദൗത്യം.

യേശു ഒരോ തവണയും സ്ത്രീപുരുഷന്മാരെ വിളിക്കുന്നത് മറ്റുള്ളവർക്ക് പ്രത്യേകിച്ച് ബലഹീനർക്കും സമൂഹത്തിൽ പ്രാന്തവല്ക്കരിക്കരിക്കപ്പെട്ടിരിക്കുന്നവരുടെ പക്കലേക്കും യേശുവിന്റെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നതിന് അയക്കാനാണ്. അവരെ ശുശ്രൂഷിക്കാൻ മാത്രമല്ല അവരിൽ നിന്ന് പഠിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

ഈ കാലഘത്തിൽ ജീവിക്കുന്ന എല്ലാ വിശ്വാസികളും അവരുടെ ചോദ്യങ്ങളും ഉത്കണ്ഠകളും സ്വപ്നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് അവരുടെ ഉള്ളിൽ കൂടുതൽ മികച്ച രീതിയിൽ പ്രത്യാശ ഉണർത്തുന്നതിനും എല്ലാവരുടെയും ജീവിതത്തെ നവീകരിക്കുന്ന കർത്താവിലേക്ക് നയിക്കുന്നതിനും സാധിക്കുമെന്നും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

“നിങ്ങൾ ഇതിനകം ഏർപ്പെട്ടിരിക്കുന്ന വിവിധ വിദ്യാഭ്യാസപരവും ജീവകാരുണ്യപരവുമായ അപ്പോസ്തല ആശയങ്ങളിലൂടെ കൂടുതൽ കാരുണ്യത്തിന്റെ ആത്മീയവും ശാരീരികവുമായ പ്രവർത്തനങ്ങൾ നിങ്ങൾ നിർവഹിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മാർപ്പാപ്പ വൈദിക വിദ്യാർത്ഥികളോട് പറഞ്ഞു.

യേശുവിന്റെ സാന്നിദ്ധ്യവും അനുകമ്പയും സ്നേഹവും നമ്മുടെ സഹോദരീസഹോദരന്മാരുമായി പങ്കുവെച്ചുകൊണ്ട് "മുന്നോട്ട് പോകുന്ന" ഒരു സഭയുടെ അടയാളങ്ങളായിരിക്കും നിങ്ങളെന്നും അവരോട് പാപ്പ വ്യക്തമാക്കി.

റോമിൽ പഠിച്ചതിന്റെ അനുഭവവും പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളേജിലെ അവരുടെ രൂപീകരണവും "ദൈവത്തോടുള്ള വിശ്വസ്ത സ്നേഹത്തിലും നമ്മുടെ സഹോദരീസഹോദരന്മാർക്കുള്ള എളിയ സേവനത്തിലും വളരാൻ" അവരെ പ്രാപ്തരാക്കണമെന്ന് മാർപ്പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തിൽ പ്രാർത്ഥിച്ചു.

തുടർന്ന് കോളേജിന്റെയും അമേരിക്കയുടെയും രക്ഷാധികാരിയായ മേരി ഇമ്മാക്കുലേറ്റിന്റെ മാതൃ മധ്യസ്ഥതയ്ക്കായി അവരെ ഭരമേൽപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചു.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.