തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം എക്‌സ്ബിബി 1.5 ഇന്ത്യയില്‍ വര്‍ധിക്കുന്നു

തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം എക്‌സ്ബിബി 1.5 ഇന്ത്യയില്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കയില്‍ തീവ്രവ്യാപനത്തിന് കാരണമായ എക്‌സ്ബിബി 1.5 വകഭേദം ഇന്ത്യയില്‍ വര്‍ധിക്കുന്നു. 11 സംസ്ഥാനങ്ങളില്‍ 26 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

അമേരിക്കയില്‍ 44 ശതമാനത്തോളം കോവിഡ് കേസുകള്‍ക്കും പിന്നില്‍ എക്‌സ്ബിബി 1.5 ആണ്. ചൈനയിലെ വ്യാപനത്തിന് കാരണമായ ബിഎഫ് 7 വകഭേദം 14 പേരിലും സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ നാലും മഹാരാഷ്ട്രയില്‍ മൂന്നും ഹരിയാണയിലും ഗുജറാത്തിലും രണ്ടുവീതവും ഒഡീഷയിലും ഡല്‍ഹിയിലും കര്‍ണാടകയിലും ഓരോന്ന് വീതവുമാണ് ബിഎഫ് 7 വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒമിക്രോണിന്റെ ബിജെ1, ബിഎ 2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള എക്‌സ്ബിബി വകഭേദത്തിന്റെ ഉപവകഭേദമാണ് എക്‌സ്ബിബി 1.5. കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് ഓഗസ്റ്റില്‍ സിങ്കപ്പൂരിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.

അമേരിക്ക, ഇംഗ്ലണ്ട, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് രാജ്യങ്ങളില്‍ നേരത്തെ ബിഎഫ് 7 വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബിഎഫ് 7 വകഭേദത്തില്‍ കൂടുതല്‍ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും അപകടകാരിയായ കോവിഡ് വകഭേദം എക്‌സ്ബിബിയാണെന്ന് മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം നേരത്തെ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.