വത്തിക്കാന്‍ സിറ്റി: ഒരു വ്യക്തിയുടെ ആത്മീയ വളര്‍ച്ചയെ തടസപ്പെടുത്തുന്ന വ്യക്തിപരമായ ബന്ധനങ്ങളില്‍ നിന്ന് നാം മുക്തരാകേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തില്‍ കര്‍ത്താവിന് വഴിയൊരുക്കുന്നതിനും മറ്റുള്ളവര്‍ക്ക് സേവനമനുഷ്ഠിക്കുന്നതിനും സ്വയം പിന്‍വാങ്ങണമെന്നും സ്ഥാനമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആസക്തികള്‍ വെടിയണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ദിവ്യബലി മദ്ധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 29-34 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. അതായത്, സ്‌നാപക യോഹന്നാന്റെ സാക്ഷ്യമായിരുന്നു പാപ്പയുടെ സന്ദേശത്തിന്റെ കാതല്‍. തന്റെ അടുത്തേക്കു വരുന്ന യേശുവിനെ സ്‌നാപക യോഹന്നാന്‍, 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് വിശേഷിപ്പിച്ച് സാക്ഷ്യമേകുന്ന സംഭവമാണ് പാപ്പാ വിശദീകരിച്ചത്.
യേശുവിനെ ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്‌നാനപ്പെടുത്തിയ ശേഷം, സ്‌നാപക യോഹന്നാന്‍ ഇപ്രകാരം പറയുന്നു: 'എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പു തന്നെ ഇവനുണ്ടായിരുന്നു' (യോഹന്നാന്‍ 1, 29-30).
ഈ സാക്ഷ്യം, സ്‌നാപക യോഹന്നാന്റെ സേവന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. യോഹന്നാന്‍ മിശിഹായ്ക്കുള്ള വഴി ഒരുക്കി, അവന്‍ അതു പൂര്‍ണ സമര്‍പ്പണത്തോടൂകൂടി ചെയ്തു. യേശുവിനായി സ്വയം മാറിനില്‍ക്കാന്‍ സന്നദ്ധനാകുന്നതായി മാര്‍പ്പാപ്പ നിരീക്ഷിച്ചു.
യോഹന്നാന്റെ ഈ പ്രവൃത്തിക്ക് ഒരു 'സമ്മാനം' അല്ലെങ്കില്‍ യേശുവിന്റെ പരസ്യ ശുശ്രൂഷയില്‍ ഒരു പ്രമുഖ സ്ഥാനം ലഭിച്ചേക്കാമെന്ന് നാം ചിന്തിക്കും. എന്നാല്‍ അതിനു പകരം തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എങ്ങനെ മാറിനില്‍ക്കണമെന്ന് യോഹന്നാന് അറിയാം. യേശുവിന് വഴിയൊരുക്കാനായി അവന്‍ രംഗത്തു നിന്നു പിന്‍വാങ്ങുന്നു. ആത്മാവ് യേശുവിന്റെ മേല്‍
ഇറങ്ങുന്നത് അവന്‍ കണ്ടു.
സ്‌നാപക യോഹന്നാന്‍ യേശുവിനെ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി വിശേഷിപ്പിക്കുന്നു. യോഹന്നാന്‍ ജനങ്ങളോട് പ്രസംഗിക്കുകയും ശിഷ്യന്മാരെ ഒരുമിച്ചു ചേര്‍ക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവന്‍ ആരുമായും സ്വയം ബന്ധിക്കുന്നില്ല. ഇതാണ് ഒരു യഥാര്‍ത്ഥ അധ്യാപകന്റെ അടയാളം - മാര്‍പ്പാപ്പ തുടര്‍ന്നു. അവന്‍ തന്റെ കടമ നിര്‍വഹിച്ചതിനാല്‍, ഒന്നിനോടും ബന്ധനസ്ഥനാകാന്‍ താല്‍പ്പര്യപ്പെടുന്നില്ല.
തനിക്ക് ശിഷ്യന്മാരെ മുറുകെ പിടിക്കുന്നതിനോ വിജയത്തില്‍ പേരും പെരുമയും നേടാനോ യോഹന്നാന് താല്‍പ്പര്യമില്ല, അവന്‍ സാക്ഷ്യം വഹിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്യുന്നു. അത് അനേകര്‍ക്ക് യേശുവിനെ കണ്ടുമുട്ടുന്നതിന്റെ ആനന്ദം ലഭിക്കുന്നതിനാണ്.
യോഹന്നാന്റെ സേവന മനോഭാവവും ദൗത്യം നിറവേറ്റിയ ശേഷം പിന്‍വാങ്ങാനുള്ള കഴിവും ബന്ധനങ്ങളില്‍നിന്ന് മുക്തനായിരിക്കേണ്ടതിന്റെ ആവശ്യകതയെ നുമുക്കു ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തില്‍ സ്ഥാനമാനങ്ങളോടും പദവികളോടും നാം എളുപ്പത്തില്‍ ആസക്തിയുള്ളവരാകാം.
ആദരവ്, അംഗീകാരം, പാരിതോഷികം എന്നിവ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെങ്കിലും, സേവനം പ്രതിഫലേച്ഛയില്ലാതെയായിരിക്കണം. സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടിയല്ലാതെ, ഗൂഢലക്ഷ്യങ്ങളില്ലാതെ, പ്രതിഫലേച്ഛയില്ലാതെ അപരനെ പരിപാലിക്കലാണ് സേവനമെന്ന്് പാപ്പ ഓര്‍മിപ്പിച്ചു.
യോഹന്നാനെപ്പോലെ, ഉചിതമായ നിമിഷത്തില്‍ മാറിനില്‍ക്കാനുള്ള പുണ്യം നമുക്കും നട്ടുവളര്‍ത്താം. നമ്മുടെ ജീവിതത്തിലെ പരാമര്‍ശ ബിന്ദു യേശു മാത്രമാണെന്ന് തിരിച്ചറിയണമെന്നും മാര്‍പ്പാപ്പാ പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കുക, മാറിനില്‍ക്കുക, വിടചൊല്ലാന്‍ പഠിക്കുക, മാറി നിന്ന് കര്‍ത്താവിന് ഇടം നല്‍കുക, പ്രതിഫലം വാങ്ങാതിരിക്കുക - മാര്‍പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
ഓരോ ആളുകളുടെ വിവിധ തലത്തിലുള്ള പ്രതിഫലേച്ഛയില്ലാത്ത കര്‍ത്തവ്യങ്ങളെക്കുറിച്ച് പാപ്പ വാചാലനായി. മറ്റുള്ളവരെ യേശുവിലേക്കാനയിക്കുന്നതിനായി, സുവാര്‍ത്ത പ്രസംഗിക്കാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും വിളിക്കപ്പെട്ട പുരോഹിതന്‍, ഏറെ ത്യാഗം സഹിച്ച് മക്കളെ വളര്‍ത്തി അവരുടേതായ പാത സ്വീകരിക്കാന്‍ അവരെ സ്വതന്ത്രരായി വിടേണ്ടി വരുന്ന മാതാപിതാക്കള്‍... ഇതിലെല്ലാം എപ്പോഴും സേവന മനോഭാവം ഉള്‍ക്കൊള്ളുന്നു,
എപ്പോള്‍ മാറിനില്‍ക്കണമെന്ന് അറിയുന്നത്, അഹങ്കാരത്തിന്റെയും ആഗ്രഹങ്ങളുടെയും ബന്ധനങ്ങളില്‍നിന്ന് സ്വയം മോചിതരാകുന്നത് വെല്ലുവിളിയാണ്. പ്രതിഫലേച്ഛയില്ലാതെ സേവന മനോഭാവത്തില്‍ വളരുന്നതിന് ഈ മോചനം അത്യന്താപേക്ഷിതമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
അംഗീകാരം അവകാശപ്പെടാതെ മറ്റുള്ളവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഇടം നല്‍കാനും അവരെ കേള്‍ക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും നമുക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിക്കാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
ആളുകള്‍ നമ്മെ വിട്ടുപിരിഞ്ഞ് അവരുടെ സ്വന്തം പാത സ്വീകരിക്കുകയും അവരുടെ വിളി പിന്തുടരുകയും ചെയ്യുമ്പോള്‍, സന്തോഷിക്കാന്‍ നമുക്കു കഴിയുന്നുണ്ടോ? അവരുടെ നേട്ടങ്ങളില്‍ നാം ആത്മാര്‍ത്ഥമായും അസൂയ കൂടാതെയും സന്തോഷിക്കുന്നുണ്ടോ? ഇതാണ് മറ്റുള്ളവരെ വളരാന്‍ അനുവദിക്കല്‍.
കര്‍ത്താവിന്റെ ദാസിയായ മറിയമേ, ആസക്തികളില്‍ നിന്ന് മുക്തരാകാനും കര്‍ത്താവിന് ഇടം നല്‍കാനും മറ്റുള്ളവര്‍ക്ക് ഇടം നല്‍കാനും ഞങ്ങളെ സഹായിക്കേണമേ - മാര്‍പ്പാപ്പ സന്ദേശം ഉപസംഹരിച്ചു.
തുടര്‍ന്ന് പാപ്പാ യുദ്ധത്താല്‍ ഏറെ ദുരിതമനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയെ അനുസ്മരിച്ചു. സഹായം നല്‍കിയും പ്രാര്‍ത്ഥനയാലും വൈകാരികമായും അവരോടു ചേര്‍ന്നു നില്‍ക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.