വത്തിക്കാൻ സിറ്റി: ദൈവം നമ്മെ നോക്കുന്നത് സ്നേഹം നിറഞ്ഞ കണ്ണുകൾ കൊണ്ടാണെന്ന് കുട്ടികളോട് ഫ്രാൻസിസ് മാർപ്പാപ്പ. ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ സമൂഹത്തിലെ അഥവാ “കൊമുണിത്ത പാപ്പ ജൊവാന്നി വെന്തിത്രെയേസ്സിമൊ”യിലെ (Comunità Papa Giovanni XXIII) കുട്ടികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിവെയായിരുന്നു പാപ്പയുടെ ഉദ്‌ബോധനം.
ദൈവം അവരോട് കാണിക്കുന്ന അതേ സ്നേഹത്തോടെ പരസ്പരം പരിപാലിക്കാനും മാർപ്പാപ്പ ബാലികാബാലന്മാർ അടങ്ങുന്ന എഴുനൂറോളം പേരുടെ സംഘത്തെ പ്രോത്സാഹിപ്പിച്ചു. മാത്രമല്ല ഒരു വ്യക്തിയെ അവനായിരിക്കുന്നതുപോലെതന്നെ സ്വീകരിക്കുന്ന ക്രൈസ്തവ സമൂഹം ആ വ്യക്തിയെ ദൈവം എങ്ങനെ കാണുന്നുവോ, അപ്രകാരം കാണാൻ സഹായിക്കുന്നുവെന്നും മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.
വത്തിക്കാനിൽ പോൾ ആറാമൻ ശാലയിലാണ് 1958 ൽ രൂപീകരിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ സമൂഹത്തിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പ സ്വീകരിച്ചത്. കൂടിക്കാഴ്ചയിൽ സമൂഹത്തിന്റെ സ്ഥാപകനും ഇറ്റാലിയൻ വംശജനുമായ അന്തരിച്ച വൈദികനായ ഫാദർ ഒറെസ്‌റ്റെ ബെൻസിയുടെ അവബോധത്തെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു.
വിശുദ്ധിയിലേക്കുള്ള വിളി ദരിദ്രനായ ക്രിസ്തുവിനെ പിൻചെന്നുകൊണ്ട് എളിയവരുമൊത്ത് ജീവിക്കാൻ ശ്രമിക്കുന്ന വിവിധ പ്രായക്കാരടങ്ങിയ ഈ പ്രസ്ഥാനം സമൂഹത്തിൽ പ്രാന്തവൽക്കരിക്കപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന ഒന്നാണ്.
പൊന്തിഫിക്കൽ അവകാശത്തിനായി പ്രവർത്തിക്കുന്ന വിശ്വസ്തരുടെ ഒരു അന്താരാഷ്ട്ര സംഘടന കൂടിയായ ഈ സമൂഹത്തിലെ അംഗങ്ങൾ ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ട് അവരുടെ ജീവിതം ഒഴിഞ്ഞുവെക്കുന്നു.
ദൈവത്തിന്റെ സ്നേഹനിർഭരമായ നോട്ടം
കൂടിക്കാഴ്ചയ്ക്കായി സന്നിഹിതരായിരുന്ന ഓരോ കുട്ടികൾക്കും അവരുടേതായ പേരുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാർപ്പാപ്പ ഓരോ വ്യക്തിയെയും ദൈവത്തിന് പേര് ചൊല്ലി വിളിക്കാൻ മാത്രം അടുത്ത് അറിയാവുന്നതിനാൽ തന്നെ അവർ ഓരോരുത്തരും അതുല്യ വ്യക്തികളാണെന്നും പറഞ്ഞു.
“ദൈവത്തിന് നമ്മെ ഓരോരുത്തരെയും നമ്മുടെ പേരും മുഖവും നോക്കി മനസിലാക്കാൻ കഴിയും. ഓരോ വ്യക്തിയും ദൈവത്തിന്റെ പുത്രനോ പുത്രിയോ യേശുവിന്റെ സഹോദരനോ സഹോദരിയോ ആണ്." ഫ്രാൻസിസ് മാർപ്പാപ്പ വിശദീകരിച്ചു.
കുട്ടികളെ സഹായിക്കുന്നവരും ഓരോ കുട്ടിയെയും ദൈവത്തിന്റെ കണ്ണുകളാൽ നോക്കാൻ വിളിക്കപ്പെട്ടവരാണെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.
ദൈവം നമ്മെ നോക്കുന്നത് സ്നേഹം നിറഞ്ഞ കണ്ണുകൾ കൊണ്ടാണെന്നും ഹൃദയം കൊണ്ട് നമ്മെ നോക്കുന്ന അവിടുന്ന് വ്യക്തിയെ അവന്റെ പൂർണ്ണതയിൽ കാണുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി. നമ്മുടെ കുറവുകളും കാണുന്ന ദൈവം അത് വഹിക്കാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
“ദൈവം നമ്മളെ എങ്ങനെയാണ് നോക്കുന്നത്? സ്നേഹത്തിന്റെ കണ്ണുകൾ കൊണ്ട്. ദൈവം നമ്മുടെ പരിമിതികൾ കാണുകയും അവ സഹിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. എന്തെന്നാൽ ദൈവം ഹൃദയത്തിൽ നിന്ന് നോക്കി കാണുന്നു, നമ്മുടെ പൂർണ്ണതയിൽ ഓരോ വ്യക്തിയെയും നോക്കുന്നു." പാപ്പ പറയുന്നു.
ക്രിസ്തുവിന്റെ സ്‌നേഹനിർഭരമായ നോട്ടത്തിന്റെ പൂർണത സ്വർഗ്ഗത്തിന്റെ പൂർണ്ണതയിൽ മാത്രമേ നമുക്ക് കൈവരിക്കാനാകൂ എന്ന് നമുക്കറിയാം. എന്നാൽ ദൈവസ്‌നേഹം ആശ്ലേഷിക്കാൻ ഈ ജീവിതത്തിൽ നാം ഇപ്പോഴും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
സ്നേഹത്തിന്റെ പുഷ്പമായി പുഞ്ചിരിക്കുക
സ്നേഹനിർഭരമായ കൈകളോടെ ഒരു സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഒരു കുട്ടി എങ്ങനെ പ്രതികരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ തുടർന്നു. അവരെ സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ സ്വാഭാവികമായും ഒരു പുഞ്ചിരി വിടരും. കുട്ടിക്ക് വളർച്ചാ പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും, അവർ എപ്പോഴും പുഞ്ചിരിക്കുന്നു. എന്തുകൊണ്ട്? കാരണം അവർ സ്നേഹിക്കപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു" പാപ്പ പറഞ്ഞു.
നവജാത ശിശുവിനെ ആദ്യം അമ്മയുടെ കൈകളിൽ വയ്ക്കുമ്പോൾ സമാനമായ ചിലത് സംഭവിക്കുന്നുവെന്നും കാരണം അവർ ആ സമയം മുതൽ തന്നെ ആ പുഞ്ചിരി നമുക്ക് സമ്മാനിക്കാനായി ശ്രമിക്കുന്നുവെന്നും പാപ്പ വിശദീകരിച്ചു.
"സ്നേഹത്തിന്റെ ഊഷ്മളതയിൽ വിരിയുന്ന ഒരു പുഷ്പമാണ് പുഞ്ചിരി" മാർപ്പാപ്പ പറയുന്നു.
ക്രിസ്തീയ സ്നേഹത്തിൽ കെട്ടിപ്പടുത്ത കുടുംബങ്ങൾ
ജോൺ ഇരുപത്തിമൂന്നാമൻ സമൂഹം നടത്തുന്നതുപോലെ ഒരു കെയർ ഹോമിൽ താമസിക്കുന്നതിന്റെ അനുഭവമാണ് സന്നിഹിതരായിരുന്ന ഓരോ കുട്ടിയും പങ്കുവെക്കുന്നതെന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു.
മോശമായി പെരുമാറുന്ന കുട്ടികളെ നേരിടേണ്ടിവന്നപ്പോൾ ഫാദർ ബെൻസി കുട്ടികളെ ദൈവത്തെപ്പോലെ സ്നേഹിക്കുകയും അവരുടെ മാതാപിതാക്കളുടെ സ്നേഹത്തിന്റെ അഭാവം ഒരു സമൂഹത്തിന്റെ സ്നേഹം കൊണ്ട് നികത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ ഓർമിപ്പിച്ചു.
സ്‌നേഹം പങ്കിടുകയും നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുക
തന്റെ പ്രഭാഷണത്തിന്റെ അവസാന ഭാഗത്ത് പാപ്പാ ഈ കൂടിക്കാഴ്ചയ്ക്ക് രോഗം മൂലം എത്താൻ കഴിയാതിരുന്ന ആറ് വയസുകാരനായ ഫ്രാൻചെസ്കൊ, 14 കാരനായ ബ്യാജൊ, ഇറാഖിൽ നിന്ന് പലായനം ചെയ്ത 13 കാരിയായ സാറാ എന്നിവരെയും പേരെടുത്ത് പറഞ്ഞ് അഭിവാദ്യം ചെയ്തു.
അതോടൊപ്പം കുട്ടികളെ പ്രാർഥനയിൽ വളരാനും മറ്റുള്ളവരുമായി സ്നേഹം പങ്കിട്ട് ജീവിക്കാനും ഫ്രാൻസിസ് മാർപാപ്പ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
“സമാധാനത്തിനായുള്ള നിങ്ങളുടെ പ്രാർത്ഥനകൾ ദൈവം ശ്രദ്ധിക്കുന്നു. ദൈവം ഉടനടി സമാധാനം നൽകുമെന്ന് ഇന്നും ഞങ്ങൾ വിശ്വസിക്കുന്നു. അവൻ നമുക്ക് സമാധാനം തരുന്നു, പക്ഷേ അതിനെ നമ്മുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും സ്വാഗതം ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്." പാപ്പ ഓർമിപ്പിച്ചു.
കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.