തൊടുപുഴ: മുന്‍ മന്ത്രി പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു. ഇന്ന് ഉച്ചയോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടറായിട്ടാണ് ഡോ. ശാന്ത വിരമിച്ചത്. 1971 സെപ്റ്റംബര്‍ 15നാണ് ജോസഫും ശാന്തയും വിവാഹിതരായത്. അപു, യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണു മക്കള്‍.
വരാപ്പുഴമേനാച്ചേരില്‍ കുടുംബാഗമാണ് ഡോ. ശാന്ത. പ്രശസ്ത സാഹിത്യ നിരൂപകന്‍ എം.പി പോളിന്റെ സഹോദര പുത്രിയാണ്. ജോസഫിന്റെ മൂത്ത സഹോദരിയുടെ ജൂനിയറായി മെഡിസിന്‍ പഠിച്ച ശാന്തയ്ക്ക് ആദ്യ നിയമനം ലഭിച്ചത് ജോസഫിന്റെ ഗ്രാമമായ പുറപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു.
അവിടെ ജോലിക്കെത്തിയ ശാന്ത, ജോസഫിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസം തുടങ്ങി. അന്ന് തേവര എസ്എച്ച് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരുന്ന ജോസഫുമായി അടുക്കുകയും അടുപ്പം പ്രണയമായി മാറുകയുമായിരുന്നു. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിവാഹിതരായി.
ജോസഫിന്റെ സുഖദുഖങ്ങളില്‍ സഹയാത്രികയായിരുന്നു. രാഷ്ട്രീയത്തിലൊഴികെ എല്ലാ കാര്യത്തിലും തന്റെ അവസാന വാക്കായിരുന്നു ശാന്ത എന്നു പറയുമായിരുന്നു ജോസഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.