മനുഷ്യനും ജീവിക്കണ്ടേ: പ്രതിഷേധ റാലിയും കൂട്ടായ്മയുമായി എ.കെ.സി.സി

മനുഷ്യനും ജീവിക്കണ്ടേ: പ്രതിഷേധ റാലിയും കൂട്ടായ്മയുമായി എ.കെ.സി.സി

ബത്തേരി: വന്യ ജീവി ആക്രമണത്തിൽ നിന്നും മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ നിരന്തരം പരാജയപ്പെടുന്ന വനം വകുപ്പിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ചും, വനംവകുപ്പിൻ്റെ പ്രവർത്തനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിൽ സ്ഥിരമായി പരാജയപ്പെടുന്ന വനം വകുപ്പ് മന്ത്രി തൽസ്ഥാനം രാജിവെക്കണമെന്നും ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കി ബഫർ സോൺ വനത്തിനുള്ളിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എ.കെ.സി.സി ബത്തേരി ഫൊറോനാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ പ്രതിഷേധറാലി നടത്തി.

വനം സംരക്ഷിക്കുന്നതിലും വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നതിലും വനത്തിന് ഉൾക്കൊള്ളാനാകാത്ത വിധം വന്യമൃഗങ്ങൾ വർദ്ധിച്ച് വരുന്നത് നിയന്ത്രിക്കുന്നതിലും വനം വകുപ്പ് പൂർണ്ണ പരാജയമാണെന്ന് പ്രതിഷേധറാലി ഉദ്ഘാടനം ചെയ്ത ഫെറോന വികാരി റവ.ഡോ.ജോസഫ് പരുവമ്മേൽ കുറ്റപ്പെടുത്തി. വന്യമൃഗങ്ങൾ വനത്തിൽ ഇറങ്ങാതിരിക്കാൻ കാടും നാടും വേർതിരിച്ച് ശക്തമായ ഫെൻസിംഗ് നിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യത്തെ തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എ.കെ.സി.സി രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ആരോപിച്ചു. ബോർഡിൽ മാത്രം ഒതുങ്ങുന്ന വയനാട് മെഡിക്കൽ കോളേജിൻ്റെ ദയനീയ സ്ഥിതിയാണ് കടുവാ ആക്രമണത്തിൽ പരുക്കേറ്റ ശ്രീ തോമസിൻ്റെ മരണത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എ.കെ.സി.സി ബത്തേരി ഫൊറോനാ പ്രസിഡണ്ട് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ഫാ. ജോർജ്കുട്ടി കണിപ്പള്ളി, ഫാ. അഖിൽ ഉപ്പുവീട്ടിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ചാൾസ് വടാശ്ശേരിൽ, മോളി മാമൂട്ടിൽ, ഡേവി മാങ്കുഴ, രാജു മണക്കുന്നേൽ, ജേക്കബ് ബത്തേരി, ലൂക്കോസ് തറപ്പേൽ, സാജു പുലിക്കോട്ടിൽ, ജോയി പുളിക്കൽ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.