കൊച്ചി: ക്വാറിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.
ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണം ആരായാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ അന്‍വര്‍ ഇന്ത്യ-പാക്ക് ഫുട്‌ബോള്‍ മത്സരം വിലയിരുത്താന്‍ വിളിപ്പിച്ചതെന്നായിരുന്നു പരിഹാസ പ്രതികരണം നടത്തിയത്.
മംഗലാപുരത്ത് ക്വാറി വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അന്‍വര്‍ 50 ലക്ഷം രൂപ തന്നില്‍ നിന്നും തട്ടിയെടുത്തു എന്ന് ആരോപിച്ച് പ്രവാസി വ്യവസായിയായ നടുത്തൊടി സലീം ആണ് പരാതി നല്‍കിയത്. ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തില്‍ തനിക്ക് ക്വാറി ഉണ്ടെന്നും ഇതിന്റെ പത്ത് ശതമാനം ഷെയര്‍ നല്‍കാം എന്നുമായിരുന്നു അന്‍വറിന്റെ വാഗ്ദാനം.
40 ലക്ഷം രൂപ നേരിട്ടാണ് എംഎല്‍എയ്ക്ക് കൈമാറിയത്. പത്ത് ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയെന്നും നടുത്തൊടി സലീം ഇഡിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു. ക്വാറിയിലെ ഷെയറിന്റെ ലാഭവിഹിതമെന്ന നിലയ്ക്ക് മാസം തോറും അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നും എംഎല്‍എ വാഗ്ദാനം തന്നുവെന്നും സലീം ആരോപിക്കുന്നു.
എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഇതേതുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എയ്ക്ക് സ്വന്തമായി ക്വാറി ഇല്ലെന്ന് കണ്ടെത്തി. തന്നില്‍ നിന്നും അന്‍പത് ലക്ഷം രൂപ എംഎല്‍എ കൈക്കലാക്കിയത് ഇബ്രാഹിം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് എന്നും മനസിലായെന്നും സലീം പരാതിയില്‍ പറയുന്നു.
ഈ കേസില്‍ തിങ്കളാഴ്ച ഇഡി അന്‍വറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് കൊച്ചി ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒന്‍പത് മണിയോടെയാണ് അവസാനിച്ചത്. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ കള്ളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.