മാനന്തവാടി: വന്യ മൃഗാക്രമണത്തിൽ സംഭവിച്ച മരണത്തിൻ്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കൽ റിപ്പോർട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം പ്രതികരിച്ചു.
വയനാടിന്റെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്നതെങ്കിൽ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിർത്തിയിൽ നിന്നു കിലോമീറ്ററുകൾ ദൂരെയുള്ളതുമായ ജനവാസകേന്ദ്രങ്ങളിലും, നഗര പ്രദേശങ്ങളിലും വരെ ജനങ്ങളുടെ ജീവനു നിരന്തരഭീഷണിയായി മാറിയിരിക്കുന്നു.
വന്യമൃഗാക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും, അക്രമണമേറ്റ മനുഷ്യന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിലും ഭരണകൂടങ്ങൾ ദയനീയമായി പരാജയപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കടുവയുടെ അക്രമണത്തിൽ സാലു മരണമടഞ്ഞ സാഹചര്യം.
വനത്തിൽ നിന്ന് ഏറെ അകലെയായിരിക്കുന്ന സ്വന്തം കൃഷിയിടത്തിൽ വച്ച് കടുവ കടിച്ചിട്ടും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. എന്നാൽ ആ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച സാലുവിന്റെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ ആധുനിക ചികിത്സയോ, പ്രധാനപ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമോ, നിശ്ചിതസമയത്തിനുള്ളിൽ ICU ആംബുലൻസോ ലഭ്യമായിട്ടില്ല എന്ന പൊതുജനങ്ങളുടേയും ബന്ധുക്കളുടേയും ആരോപണത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്.
അതിനൊന്നും ശ്രമിക്കാതെ, വന്യമൃഗത്തിന്റെ അക്രമണത്തിൽ ശരീരത്തിലെ രക്തം മുഴുവൻ നഷ്ടപ്പെട്ട് മരിച്ച മനുഷ്യന് ഹാർട്ട് അറ്റാക്ക് വന്നാണ് മരിച്ചതെന്ന വനം വകുപ്പിൻ്റെ ആദ്യം മുതലേയുള്ള വ്യാജ പ്രചരണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സ്ഥീരികരണം കൊടുക്കുന്നത് ജനപക്ഷത്തു നില്ക്കേണ്ട ജനപ്രതിനിധികളും മന്ത്രിമാരും സാലുവിനോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്.
ഈ റിപ്പോർട്ട് ചികിത്സാ രംഗത്തെ സംവിധാനങ്ങളുടെ അപര്യാപ്തത മറയ്ക്കാനും, വർദ്ധിച്ചു വരുന്ന വന്യമൃഗാക്രമണങ്ങളേക്കുറിച്ചുള്ള ചർച്ചകളുടെ ഗതി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായേ കാണാൻ കഴിയു. ഇത് ശരിയായ സമീപനമല്ല. അതിനാൽ തന്നെ വയനാട്ടിലെ പൊതു സമൂഹം ഈ റിപ്പോർട്ടിന് തീർത്തും വിശ്വാസ്യത കൊടുക്കുമെന്ന് തോന്നുന്നില്ല.
മാനന്തവാടി രൂപതാധ്യക്ഷൻ എന്ന നില്ക്കും ഈ രാജ്യത്തു ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയ്ക്കും താഴെ പറയുന്ന കാര്യങ്ങൾ അടിയന്തിരമായി സർക്കാർ നടപ്പിലാക്കണം:
1. നിലവിലെ അന്വേഷണ റിപ്പോർട്ട് സ്വീകാര്യമല്ലാത്തതിനാൽ സാലുവിന് വന്യമൃഗാക്രമണം ഏൽക്കാനിടയായതും അദ്ദേഹത്തിന് ആവശ്യമായ ആധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാകാതിരുന്നതിനേ പറ്റിയും അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കണം.
2. സാലുവിൻ്റെ കുടുംബത്തിനു നല്കിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കണം.
3. മെഡിക്കൽ കോളേജ് എന്ന പേരുകൊണ്ട് മാത്രം വയനാട്ടുകാരെ തൃപ്തിപ്പെടുത്താതെ എല്ലാ അവശ്യ ഡിപ്പാർട്ടുമെൻറുകളും, അവക്ക് ആവശ്യമായ ഡോക്ടർമാരുടെ സേവനവും, ആധുനീക ചികിത്സ രീതികളും താമസംവിന മെഡിക്കൽ കോളേജിൽ ആരംഭിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.