പരമ്പരാഗത നൃത്തം അർദ അവതരിപ്പിക്കാന്‍ അനുമതി തേടണമെന്ന് സൗദി അറേബ്യ

പരമ്പരാഗത നൃത്തം അർദ അവതരിപ്പിക്കാന്‍ അനുമതി തേടണമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയില്‍ പരമ്പരാഗത അർദ നൃത്തം അവതരിപ്പിക്കാന്‍ അനുമതി തേടണമെന്ന് നിർദ്ദേശം. പരമ്പരാഗത നൃത്തത്തിന്‍റെ നിലവാരം കുറയുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. അർദ നൃത്തം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിച്ച് അനുമതി നേടണമെന്നാണ് നാഷണൽ സെന്‍റർ ഫോർ സൗദി അർദ അറിയിക്കുന്നത്.

റസ്റ്ററന്‍റുകള്‍ ഉള്‍പ്പടെയുളള സ്ഥാപനങ്ങള്‍ തുറക്കുന്ന സമയത്ത് അർദ ന‍ൃത്തം അവതരിപ്പിച്ചതില്‍ സമൂഹമാധ്യമങ്ങളിലടക്കം സ്വദേശികള്‍ വലിയ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കവിതയും ഡ്രമ്മും താളാത്മകമായ നൃത്തവും സമന്വയിപ്പിക്കുന്ന അർദ ന‍ൃത്തം യോഗ്യമായ ക്രമീകരണങ്ങളിൽ മാത്രമേ അനുവദിക്കാവൂവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം.

നൃത്തം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സർക്കാർ അല്ലെങ്കിൽ സ്വകാര്യ സംഘാടകർ റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ഹൗസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രത്തിന്‍റെ വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കുകയും പുതിയ നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.

പങ്കെടുക്കുന്നവരെല്ലാം സൗദി പൗരന്മാരായിരിക്കണം, 25 കലാകാരന്മാരില്‍ കൂടുതല്‍ ഔദ്യോഗിക വേഷം ധരിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ പാലിച്ചിരിക്കണം. നർത്തകരുടെ വസ്ത്രങ്ങളിലോ ഉപകരണങ്ങളിലോ ബാൻഡിന്‍റെ പേര് ദൃശ്യമാകരുതെന്നും നിർദ്ദേശമുണ്ട്.

പരമ്പരാഗതമായി സൈനിക നൃത്തമാണ് അർദ. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന നൃത്തത്തില്‍ ചെറിയ ഇടവേളകളുണ്ടാകും. 2015-ൽ മാനവികതയുടെയും സാംസ്കാരിക പൈതൃകത്തിന്‍റേയും യുനെസ്കോ പ്രതിനിധി പട്ടികയിൽ നൃത്തം ഉള്‍പ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.