'അതിജീവനത്തിന്‍റെ കലാവിസ്മയം തീർത്ത്'' ഭിന്നശേഷിക്കുട്ടികൾ

'അതിജീവനത്തിന്‍റെ കലാവിസ്മയം തീർത്ത്'' ഭിന്നശേഷിക്കുട്ടികൾ

ദുബായ്: ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലെ പ്രൗഢമായ സദസ്സിന് മുന്നിൽ 'അതിജീവനത്തിന്‍റെ വേറിട്ട - കലാവിസ്മയം' തീർത്തു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ കുരുന്നുകൾ. തിരുവനന്തപുരത്തെ ഡിഫറെന്‍റ് ആർട്ട് സെന്‍ററിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് വിസ്മയകരമായ കലാ പ്രകടനങ്ങൾ കൊണ്ട് പ്രവാസ ലോകത്ത് ശ്രദ്ധേയമായ അധ്യായം രചിച്ചത്. ഇന്‍റർനാഷണല്‍ പ്രമോട്ടേഴ്സ് അസോസിയേഷൻ(ഐപിഎ) സംഘടിപ്പിച്ച എംപവറിംങ് വിത്ത് മാജിക്കൽ ലവ് എന്ന പരിപാടിയിലാണ് കുട്ടികൾ വേറിട്ട കലാപ്രകടനകൾ നടത്തിയത്.

ശ്വാസമടക്കിപ്പിടിച്ചാണ് കുരുന്നു പ്രതിഭകളുടെ ഉജ്ജ്വല പെർഫോമൻ സുകൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചത്.ഇവരുടെ മിഡിൽ ഈസ്റ്റിലെ ആദ്യ പരിപാടിയാണ് ദുബായിൽ അരങ്ങേറിയത്. 18 കുരുന്നുകളും അവരുടെ അമ്മമാരും സഹായികളും അടക്കം 35 പേർ നാട്ടിൽ നിന്ന് പരിപാടിക്കെത്തി. മൂന്നു മണിക്കൂറായിരുന്നു പരിപാടി.

ശേഷി ഇല്ലായ്മയുടെ ലോകത്തല്ല ഈ കുരുന്നുകൾ. പ്രത്യേകശേഷിയുള്ളവരാണ് ഞങ്ങളന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു കുട്ടികൾ വേദി കയ്യടക്കിയത്. മാജിക് ഷോ, നൃത്തം, സംഗീതം, ഫിഗർ ഷോ, ശിങ്കാരിമേളം തുടങ്ങിയവയാണ് ഡിഫറെന്റ് ആർട് സെന്‍ററിലെ കുട്ടികൾ അവതരിപ്പിച്ചത്. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺസിൻഡ്രോം, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച, കേൾവി, അംഗപരിമിതർ തുടങ്ങിയ പരിമിതികളുള്ളവരായിരുന്നു കലാ സംഘത്തിലുണ്ടായിരുന്നത്. 

നാലരപ്പതിറ്റാണ്ട് കാലത്തെ മാജിക് രംഗം ഉപേക്ഷിച്ച് നിലവില്‍ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരുകയാണ്  ഗോപിനാഥ് മുതുകാട്.   അദ്ദേഹത്തിന്‍റെ ഉദ്യമങ്ങൾക്കുളള ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൂടിയായിരുന്നു ദുബായിലെ പരിപാടി. യുഎഇ എന്ന മഹത്തായ രാജ്യം ശാരീരിക പരിമിതിയുള്ളവരുടെ ഉന്നമനത്തിനുവേണ്ടി വിഭാവനം ചെയ്ത ആശയങ്ങളെ താൻ പിന്തുടരുമെന്ന് ഗോപിനാഥ് മുതുകാട് വേദിയിൽ പറഞ്ഞു. ഈ കുട്ടികളെ സമൂഹത്തിന്‍റെ ഉന്നതിയിലേക്ക എത്തിക്കാനുള്ള യജ്ഞങ്ങൾക്ക് പിന്തുണ നൽകിവരുന്ന പ്രവാസ ലോകത്തിന് അദ്ദേഹം കൃതജ്ഞത അറിയിച്ചു.


 ഐ പി എ ചെയർമാൻ വി കെ ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ്ചെയർമാനും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അബ്ദുൽ സലാം കെ പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടർ എ കെ ഫൈസൽ,വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ, മുനീർ അൽ വഫാ, റഫീഖ് അൽ മായാർ, തുടങ്ങിയവർ സംസാരിച്ചു.അബ്ദുറഹ്മാൻ മുഹമ്മദ് അലി, സഈദ് ഖാനമ് അൽ സുവൈദി,താവീദ് അബ്ദുള്ള,ജബ്ബാർ ഹോട്ട്പാക്ക്, ഡോ.ഹുസൈൻ,അഡ്വ. ഷറഫുദ്ദീൻ,ജയഫർ, ഉമറുൽ ഫാറൂഖ് തുടങ്ങിയ നിരവധി പ്രമുഖർ സംബന്ധിച്ചു. പരിപാടിയുടെ പ്രായോജകർക്ക് ഗോപിനാഥ് മുതുകാട് മൊമെന്‍റോ സമ്മാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.