സിഡ്നി: ന്യൂസിലന്‍ഡില്‍ നിന്നും 145 യാത്രക്കാരുമായി സിഡ്‌നിയിലേക്കു പറന്നുയര്‍ന്ന ക്വാണ്ടാസ് വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായത് ഏറെ നേരത്തെ പരിഭ്രാന്തിക്കിടയാക്കി. അടിയന്തര സാഹചര്യത്തില്‍ നല്‍കുന്ന മെയ്ഡേ കോള്‍ നല്‍കിയതിനു ശേഷം പൈലറ്റ് വിമാനം സിഡ്നിയില്‍ സുരക്ഷിതമായി നിലത്തിറക്കി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് സിഡ്നി വിമാനത്താവളത്തിനടുത്തെത്തിയപ്പോഴാണ് ബോയിംഗ് 737 വിമാനത്തിന്റെ ഇടതു എന്‍ജിനില്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. രണ്ട് എഞ്ചിനുകളാണ് ബോയിംഗ് 737 വിമാനത്തിന് കരുത്തു പകരുന്നത്.
ഓക്ലന്‍ഡില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകി പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.30-നാണ് വിമാനം പുറപ്പെട്ടത്. പറക്കുന്നതിനിടെ വിമാനത്തിന് ഉയരവും വേഗതയും നഷ്ടപ്പെട്ടതായി ഫ്‌ളൈറ്റ് റഡാര്‍ ഡാറ്റ കാണിക്കുന്നു. തുടര്‍ന്ന് പരിചയ സമ്പന്നനായ പൈലറ്റ് കേടായ എഞ്ചിന്‍ ഓഫ് ചെയ്ത് ഒരു എഞ്ചിന്‍ ഉപയോഗിച്ച് വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ 3.30 ന് ലാന്‍ഡ് ചെയ്തു.
അടിയന്തര സാഹചര്യത്തെ നേരിടാന്‍ അഞ്ച് ഫയര്‍ റെസ്‌ക്യൂ വാഹനങ്ങളെ സിഡ്‌നി വിമാനത്താവളത്തില്‍ തയാറാക്കി നിര്‍ത്തിയിരുന്നു. പാരാ മെഡിക്കല്‍ വിഭാഗത്തിനും മുന്നറിയിപ്പു ലഭിച്ചിരുന്നു.
പറക്കുന്നതിനിടെ വിമാനത്തിന് ഒരു പ്രശ്‌നമുണ്ടെന്ന് യാത്രക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ലാന്‍ഡ് ചെയ്യുന്നതു വരെ എന്‍ജിന്‍ തകരാറിലായതായി അറിഞ്ഞിരുന്നില്ല. അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റ് മെയ്ഡേ കോള്‍ പുറപ്പെടുവിച്ചത്. ഒരു വിമാനം ആസന്നമായ അപകടാവസ്ഥയിലായിരിക്കുമ്പോഴാണ് മെയ്ഡേ കോള്‍ പുറപ്പെടുവിക്കുന്നതെന്ന് എയര്‍സര്‍വീസസ് ഓസ്ട്രേലിയ പറയുന്നു.
ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ക്വാണ്ടാസ് വിമാനത്തിന് യാത്രയ്ക്കിടെ തകരാര്‍ സംഭവിക്കുന്നത്. ഡിസംബര്‍ 23-ന് സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ക്വാണ്ടാസ് വിമാനത്തില്‍ പുക കണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് അസര്‍ബൈജാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.
അതേസമയം, സംഭവത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.