രാജി പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍; ഫെബ്രുവരിയില്‍ സ്ഥാനമൊഴിയും

രാജി പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍; ഫെബ്രുവരിയില്‍ സ്ഥാനമൊഴിയും

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ താന്‍ രാജിവയ്ക്കുമെന്ന് ജസീന്ദ ആര്‍ഡേണ്‍ പ്രഖ്യാപിച്ചു. ഒരു പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാകുന്നത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 14-നാണു നടക്കാനിരിക്കുമ്പോഴാണ് ജസീന്ത ആര്‍ഡേണിന്റെ രാജി പ്രഖ്യാപനം.

ഈ വര്‍ഷം താന്‍ വീണ്ടും ജനവിധി തേടില്ലെന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാന ദിവസം ഫെബ്രുവരി ഏഴ് ആയിരിക്കുമെന്നും ജസീന്ദ പറഞ്ഞു.

തന്റെ രാജിക്ക് പിന്നില്‍ വലിയ കാരണങ്ങളൊന്നും ഇല്ലെന്ന് അവര്‍ പറഞ്ഞു. 'ഞാന്‍ ഒരു മനുഷ്യനാണ്, രാഷ്ട്രീയക്കാരും മനുഷ്യരാണ്, ആറു വര്‍ഷത്തെ ചില വലിയ വെല്ലുവിളികള്‍ക്ക് ശേഷം ഞാന്‍ സ്ഥാനമൊഴിയുകയാണ്. ഇപ്പോള്‍ അതിനുള്ള സമയമാണ്' - കണ്ണീരോടെയാണ് ജസീന്ദ ആര്‍ഡേണ്‍ പ്രഖ്യാപനം നടത്തിയത്. ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ തനിക്ക് ഊര്‍ജമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഒരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഏപ്രില്‍ അവസാനം വരെ ആര്‍ഡേണ്‍ മൗണ്ട് ആല്‍ബേര്‍ട്ടില്‍നിന്നുള്ള എംപിയായി തുടരും. ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ജസീന്ദ ഒഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാത്രമാണ് നിലവില്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

2017 ല്‍ 37-ാം വയസില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവനായി ആര്‍ഡേണ്‍ മാറി. അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവും ജസീന്ദയാണ്. മാതൃകാപരമായ ഭരണം എന്ന് ന്യൂസിലന്‍ഡിലെ പല സംഭവങ്ങളുടെ ഉദാഹരണവും ചൂണ്ടിക്കാട്ടി ലോകം ജസീന്ദയെ വാഴ്ത്തിയിട്ടുണ്ട്.

കോവിഡ് രോഗപ്രതിരോധത്തിലെ മികവ്, ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പിനോടുള്ള പ്രതികരണം, വൈറ്റ് ഐലന്‍ഡ് അഗ്‌നിപര്‍വത സ്ഫോടനത്തെ കൈകാര്യം ചെയ്ത രീതി മുതലായവയിലൂടെ ജസീന്ദ പലതവണ ലോകത്തിന്റെയാകെ കൈയടി നേടി. രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് ഉറച്ചു വിശ്വസിച്ച നേതാവായിരുന്നു ജസീന്ദ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.