വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍. മാര്‍ച്ചിനുള്ളില്‍ 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കയിലെ സാങ്കേതികവിദ്യാ വ്യവസായ സ്ഥാപനങ്ങള്‍ വലിയ രീതിയില്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മൈക്രോസോഫ്റ്റിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞദിവസം തന്നെ വന്നുതുടങ്ങിയിരുന്നു.
കോവിഡ് കാലം കഴിഞ്ഞതോടെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണിയില്‍ മൈക്രോസോഫ്റ്റ് കനത്ത പ്രതിസന്ധി നേരിടുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. വിന്‍ഡോസിന്റേയും മറ്റ് ഉപകരണങ്ങളുടേയും വില്‍പനയിലും ക്ലൗഡ് സേവന യൂണിറ്റായ അസ്വറിലും കമ്പനി നഷ്ടം നേരിടുന്നുണ്ട്.
ജീവനക്കാരുടെ വികാരം ഉൾക്കൊള്ളുന്നുവെന്ന് അവർക്കയച്ച കത്തിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല പറഞ്ഞു. ''നിർണായക തന്ത്രപ്രധാന മേഖലകളിലേക്ക് വീണ്ടും ജീവനക്കാരെയെടുക്കും. ജോലി നഷ്ടമാകുന്ന യുഎസ് ജീവനക്കാർക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ അധികം ആശ്വാസധനം, ആറു മാസത്തേക്ക് ആരോഗ്യ സുരക്ഷ, പിരിച്ചുവിടുന്നതിനു 60 ദിവസം മുൻപ് നോട്ടിസ് തുടങ്ങിയവ ലഭിക്കും.'' നാദല്ല മെമോയിൽ പറയുന്നു.
ജൂണ്‍ 30-ലെ കണക്കനുസരിച്ച് 2,21,000 സ്ഥിര ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇതില്‍ യുഎസിലെ 1,22,000 ജീവനക്കാരും മറ്റിടങ്ങളിലുള്ള 99,000 ജീവനക്കാരും ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.