വി. അന്തോണീസിന്റെ അനുഗ്രഹം തേടി വളര്‍ത്തു മൃഗങ്ങള്‍ വത്തിക്കാനില്‍

വി. അന്തോണീസിന്റെ അനുഗ്രഹം തേടി വളര്‍ത്തു മൃഗങ്ങള്‍ വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി: പതിവില്‍ നിന്നു വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍ പരിസരത്തെ കാഴ്ച്ചകള്‍. ആശീര്‍വാദത്തിനായി നിരവധി വളര്‍ത്തുമൃഗങ്ങളാണ് ഉടമസ്ഥരൊപ്പം വത്തിക്കാനില്‍ ശൈത്യത്തെയും മഴയെയും അവഗണിച്ച് എത്തിയത്. കുതിര, പശു, കഴുത, നായ, ആട്, വാത്ത, മുയല്‍ എന്നിവയുടെ ശബ്ദത്താല്‍ ബസിലിക്ക പരിസരം മുഖരിതമായി.

വി. അന്തോണീസ് പുണ്യവാന്റെ തിരുനാളിനോടനുബന്ധിച്ചാണ് വത്തിക്കാനില്‍ മൃഗങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു വത്തിക്കാനില്‍ മൃഗങ്ങളെയും കൊണ്ട് വിശ്വാസികള്‍ എത്തിയത്.

youtube.com

നിരവധി കര്‍ഷകരും ഉടമകളും തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ പ്രത്യേക അനുഗ്രഹത്തിനായി വത്തിക്കാനിലേക്ക് കൊണ്ടുവന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി പാരമ്പര്യമായി അനുഷ്ഠിക്കുന്ന ഈ ചടങ്ങ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ആര്‍ച്ച് പ്രീസ്റ്റ് കര്‍ദ്ദിനാള്‍ മൗറോ ഗാംബെറ്റി ആശീര്‍വാദം നല്‍കിയ ശേഷം മൃഗങ്ങളെ ഓമനിക്കുകയും ചെയ്തു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുര്‍ബാനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളായ ചീസ്, മുട്ട, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുവന്നു. കുര്‍ബാനയ്ക്കുശേഷം വത്തിക്കാന്‍ സിറ്റിയിലേക്കുള്ള പ്രധാന തെരുവിലൂടെ കുതിരകളുടെ പരേഡ് സംഘടിപ്പിച്ചു.

മൃഗങ്ങളുടെ സംരക്ഷകനും രക്ഷാധികാരിയുമായി അറിയപ്പെടുന്ന വിശുദ്ധനാണ് സന്യാസിയായ വി. അന്തോണീസ്. അദ്ദേഹം മരുഭൂമിയിലേക്ക് പ്രാര്‍ത്ഥനാജീവിതത്തിനായി പിന്‍വാങ്ങുമ്പോള്‍, മൃഗങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. ഈ കാരണത്താലാണ് മൃഗങ്ങളുടെ സംരക്ഷകനായി അദ്ദേഹം അറിയപ്പെടുന്നത്. 'ക്രിസ്ത്യന്‍ സന്യാസത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.

ചില സംസ്‌കാരങ്ങള്‍ കൂടുതലും മൃഗങ്ങളുടെ രക്ഷാധികാരിയായി വി. ഫ്രാന്‍സിസ് അസീസിയെ കരുതുന്നുണ്ടെങ്കിലും, റോം ഉള്‍പ്പെടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ജനുവരി 17 ന് സെന്റ് ആന്റണി അബോട്ടിന്റെ തിരുനാളില്‍ മൃഗങ്ങളെ പ്രത്യേകമായി ആശീര്‍വദിക്കുന്ന കര്‍മ്മങ്ങള്‍ നടന്നുവരുന്നു. ആ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ വത്തിക്കാനില്‍ മൃഗങ്ങള്‍ ആശീര്‍വ്വാദം സ്വീകരിക്കാന്‍ എത്തിയതും.

പല അമേരിക്കന്‍ കത്തോലിക്കരും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളിനെ മൃഗങ്ങളുടെ അനുഗ്രഹവുമായി ബന്ധപ്പെടുത്തുമ്പോള്‍, ഇറ്റലിയിലെ കര്‍ഷകര്‍ പരമ്പരാഗതമായി വളര്‍ത്തുമൃഗങ്ങളുടെ രക്ഷാധികാരിയായ വിശുദ്ധ അന്തോണി അബോട്ടിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26