ന്യൂഡൽഹി: ഭീകരവാദം ഉപേക്ഷിക്കാൻ തയാർ ആയാൽ പാകിസ്താനുമായി സാധാരണമായ അയൽപക്ക ബന്ധത്തിന് സന്നദ്ധമാണെന്ന് ഇന്ത്യ. എന്നാൽ ഭീകരതയിൽ നിന്നും അക്രമത്തിൽ നിന്നും മുക്തമായ അന്തരീക്ഷം അതിന് വേണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി കൂട്ടിച്ചേർത്തു.
കശ്മീർ അടക്കം പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് പാക് പ്രധാനമന്ത്രി ശഹ്ബാസ് ഷരീഫ് സന്നദ്ധത പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ്. ഇന്ത്യ-പാക് ചർച്ചക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്ന കാഴ്ചപ്പാടും അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയുമായി നടത്തിയ മൂന്നു യുദ്ധങ്ങളിൽനിന്ന് പാകിസ്താൻ പാഠം പഠിച്ചെന്നും ഇനി ഇന്ത്യയുമായി സമാധാനത്തിൽ കഴിയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ഏതാനം ദിവസം മുൻപ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനോട് ശക്തമായ എതിർപ്പ് പാകിസ്താനിൽ ഉയർന്നു. എതിർപ്പിനെ തുടർന്ന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് ശഹ്ബാസ് ശരീഫ് പിന്നീട് തിരുത്തി.
പുൽവാമ ഭീകരാക്രമണവും അതിന് മറുപടിയായി 2019 ഫെബ്രുവരിയിൽ ബാലാകോട്ടിലെ ജയ്ശെ മുഹമ്മദ് പരിശീലന കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപകാലത്ത് ഏറെ മോശമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.