നയപ്രഖ്യാപനം ചുരുങ്ങും; ഗവര്‍ണറെ പ്രകോപിപ്പിക്കാതിരിക്കാന്‍ മുന്‍കരുതല്‍

നയപ്രഖ്യാപനം ചുരുങ്ങും; ഗവര്‍ണറെ പ്രകോപിപ്പിക്കാതിരിക്കാന്‍ മുന്‍കരുതല്‍

തിരുവനന്തപുരം: ഗവര്‍ണറെ പ്രകോപിക്കാതിരിക്കാന്‍ നയപ്രഖ്യാപന പ്രസംഗം ചുരുക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. വിവിധ മേഖലകളിലെ നയങ്ങള്‍ മാത്രം ചുരുക്കി അവതരിപ്പിക്കുന്നതാകും ഇത്തവണ ഗവര്‍ണറുടെ നയപ്രഖ്യാപനം. കാര്‍ഷികം, സേവനം, വ്യാവസായികം എന്നിങ്ങനെ മേഖലകള്‍ തിരിക്കും. ആരോഗ്യവും വിദ്യാഭ്യാസവും സേവനമേഖലകളിലുള്‍പ്പെടുത്തും. ആവര്‍ത്തനം ഒഴിവാക്കാന്‍ പ്രഖ്യാപനങ്ങള്‍ വിശദമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ധാരണ.

പല വിഷയങ്ങളിലും സര്‍ക്കാരിനോട് ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കാതിരിക്കാനുള്ള കരുതലും നയപ്രഖ്യാപനത്തില്‍ നടത്തും. കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുമെങ്കിലും വായ്പാ പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരെ ലഘുവായ വിമര്‍ശനം ഉള്‍പ്പെടുത്തും.

സര്‍വകലാശാലാ വിഷയത്തിലാണ് ഗവര്‍ണര്‍ക്ക് പ്രധാനമായും എതിര്‍പ്പുള്ളത് എന്നിരിക്കെ, ഉന്നതവിദ്യാഭ്യാസമേഖലയിലെ വികസനത്തെ ആഗോളസാഹചര്യത്തിനനുസരിച്ചുള്ള പരിഷ്‌കാരം എന്ന നിലയിലാകും അവതരിപ്പിക്കുക. നയപ്രഖ്യാപനത്തിന്റെ കരട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

ഈ വര്‍ഷത്തെ സഭാസമ്മേളനം 23ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. തമിഴ്‌നാട്ടിലെ പോലെ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തമാശരൂപത്തിലുള്ള ആമുഖത്തോടെയാണ് നയപ്രഖ്യാപനത്തിന്റെ കരട് ഇന്നലെ മന്ത്രിസഭായോഗം ചര്‍ച്ചയ്‌ക്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.