ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ

റായ്പൂര്‍: ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 34.3 ഓവറില്‍ 108 റന്‍സിന് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

വിരാട് കോലി 11 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്ലും(40) ഇഷാന്‍ കിഷനും(8) ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റണ്‍സെ നേടാനായിരുന്നുള്ളു.

36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സായിരുന്നു കിവീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച രോഹിത് രണ്ടാം ഓവറില്‍ ആദ്യ ബൗണ്ടറി നേടി. ആദ്യ അഞ്ചോവറില്‍ 24 റണ്‍സ് മാത്രമെടുത്ത് കരുതലെടുത്ത ഇന്ത്യ പത്താം ഓവറില്‍ 50 കടന്നു.

ഗില്ലിനെ കാഴ്ചക്കാരനാക്കി സമ്മര്‍ദ്ദമേതുമില്ലാതെ രോഹിത് അനായാസം മുന്നേറിയതോടെ ഇന്ത്യ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. 47 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് അര്‍ധ സെഞ്ചുറി തികച്ചത്.

അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ഷിപ്ലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രോഹിത് മടങ്ങി.വിരാട് കോലി രണ്ട് ബൗണ്ടറിയടിച്ച് ഒന്‍പത് പന്തില്‍ 11 റണ്‍സെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സാന്റ്‌നറുടെ സ്പിന്നിന് മുന്നില്‍ വീണു.

സാന്റനറുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മൂന്നോട്ടാഞ്ഞ് പ്രതിരോധിച്ച കോലിയെ ടോം ലാഥം സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നീടെത്തിയ ഇഷാന്‍ കിഷന്‍(8) ശുഭ്മാന്‍ ഗില്ലിനൊപ്പം(40) സമ്മര്‍ദ്ദമേതുമില്ലാതെ ഇന്ത്യയെ വിജയവര കടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.