ലൂസിയാന: വചനപീഠം ഒരുക്കിയ വിന്റേജ് ട്രക്കിൽ 100 മണിക്കൂർ നീളുന്ന ബൈബിൾ മാരത്തണിന് (അഖണ്ഡ ബൈബിൾ പാരായണം) തുടക്കം കുറിച്ച് അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലെ ലഫായെറ്റ് രൂപത. രൂപതയിലെ പ്രാർത്ഥനാ കൂട്ടായ്മയായ ‘ദ കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ്’ വർഷംതോറും സംഘടിപ്പിക്കുന്ന ബൈബിൾ മാരത്തണിന്റെഭാഗമായാണ് ഇത്തവണയും അഖണ്ഡ ബൈബിൾ പാരായണം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ സവിശേഷമാക്കുന്നത് ഫ്രെയർ ട്രക്ക് എന്ന പേരിൽ വചനപീഠം ഒരുക്കിയ ഒരു വിന്റേജ് ട്രക്കിന്റെ സാന്നിധ്യമാകും.
അഗ്‌നിശമന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ‘ഫയർ ട്രക്കി’ന് രൂപമാറ്റം വരുത്തിയാണ് ‘ഫ്രെയർ ട്രക്ക്’ തയാറാക്കിയിരിക്കുന്നത്. ട്രക്കിൽ കോവണി ഇരുന്നിരുന്ന ഭാഗത്താണ് വചനപാരായണത്തിന് ഉപയോഗിക്കുന്ന പീഠം സ്ഥാപിച്ചിരിക്കുന്നത്. അവിടെ കയറി നിന്നാകും 100 മണിക്കൂർ വചനപാരായണം നടത്തുക. 'ബൈബിൾ ഇൻ ദ ഫയർ ട്രക്ക്’ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ‘ഫ്രെയർ ട്രക്കി’ൽ സൗജന്യമായി വിതരണം ചെയ്യാൻ 100 ബൈബിളുകളും ഒരുക്കിയിട്ടുണ്ട്.
ജനുവരി 18ന് ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ബൈബിൾ പാരായണം ആഗോള ബൈബിൾ ഞായർ ആചരിക്കുന്ന 22 വൈകീട്ട് 4.30ന് സമാപിക്കും. സെന്റ് മാർട്ടിൻവില്ലിലെ സെന്റ് മാർട്ടിൻ ഡി ടൂർസ് ദൈവാലയ ചത്വരമാണ് വചനപാരായണ വേദി. വിവിധ ഭാഷകളിലായി 300 പേരാണ് തിരുവചനം വായിക്കുക. വചന പാരായണം ശ്രവിക്കാനും തിരുവചനം ധ്യാനിക്കാനും മുൻ വർഷങ്ങളിലേതുപോലെ അനേകരുടെ സാന്നിധ്യം ഇത്തവണയും ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.