ദുബൈ: ഇറാന്റെ രഹസ്യ ആണവ ബോംബ് പദ്ധതിയുടെ സൂത്രധാരൻ എന്ന് സംശയിക്കുന്ന ഇറാനിയൻ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെ കൊല്ലപ്പെട്ടു.
കാറിൽ സഞ്ചരിച്ചിരുന്ന ഫക്രിസാദെയെ സായുധരായ കൊലയാളികൾ വെടിവച്ച ശേഷം കടന്നു കളഞ്ഞു . ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനായില്ല . അക്രമികൾ ഫക്രിസാദെയുടെ കാറിനു നേരെ വെടിയുതിർക്കുന്നതിനു മുൻപ് മറ്റൊരു കാർ തകർത്തിരുന്നു. ഫക്രിസാദെയുടെ മരണം യുഎസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡെനു ഇറാൻ അമേരിക്ക ബന്ധത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ സങ്കീർണ്ണമാക്കും.
കൊലപാതകം ട്രംപിന്റെ അനുഗ്രഹത്തോടുകൂടെ ഇസ്രായേലാണ് നടത്തിയത് എന്ന സൂചന ഇറാൻ നൽകി. ഇറാനിയൻ സുപ്രീം നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ സൈനിക ഉപദേഷ്ടാവ് ഈ രക്തസാക്ഷിത്വത്തിന് പകരം വീട്ടും എന്ന് പ്രതിജ്ഞയെടുത്തു.
എന്നാൽ ഇസ്രയേലും അമേരിക്കയും ഇതേക്കുറിച്ച് നിശബ്ദത പാലിച്ചു . ബൈഡന്റെ ട്രാൻസിഷൻ സംഘവും അഭിപ്രായം രേഖപ്പെടുത്തിയില്ല. ഇറാന്റെ ആണവ പദ്ധതി രഹസ്യമായി പുനസ്ഥാപിക്കുവാൻ ഇറാൻ ശ്രമിക്കുന്നു എന്ന് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഈപദ്ധതിയുടെ തലപ്പത്ത് ഫക്രിസാദെ ആയിരുന്നു. എന്നാൽ ആണവോർജ്ജം ആയുധമാക്കാനുള്ള ശ്രമം ഉണ്ടെന്നുള്ള ആരോപണം ഇറാൻ ഏറെക്കാലമായി നിഷേധിക്കുന്നു .
ജനുവരി 20 ന് സ്ഥാനമൊഴിയുന്ന ട്രംപ്, തന്റെ മുൻഗാമിയായ ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ന്യൂക്ലിയർ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിച്ചിരുന്നു. എന്നാൽ ബൈഡൻ ഇറാനെതിരായ ഉപരോധം നീക്കി ന്യൂക്ലിയർ കരാർ പുനസ്ഥാപിക്കുമെന്നു കരുതുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അത്ര എളുപ്പം സംഭവിക്കുമെന്ന് നിരീക്ഷകർ കരുതുന്നില്ല.
ഇറാനെതിരെ യുദ്ധത്തിന് പദ്ധതി തയ്യാറാക്കുവാൻ ട്രംപ് സൈനിക സഹായികളോട് ആവശ്യപ്പെട്ടിരുന്നതായി യുഎസ് ഉദ്യോഗസ്ഥർ ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു . വിശാലമായ മിഡിൽ ഈസ്റ്റ് സംഘർഷത്തിന് ഇത് കാരണമായേക്കും എന്ന കാരണത്താൽ ഇതിൽ നിന്നും പിന്തിരിയുകയായിരുന്നു .
കഴിഞ്ഞ ജനുവരിയിൽ, ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിട്ടു, ആക്രമണത്തിൽ ഇറാനിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായ കാസെം സോളിമാനിയെ വധിച്ചു. ഇറാഖിലെ ഒരു യുഎസ് താവളത്തിൽ മിസൈൽ പ്രയോഗിച്ച് ഇറാൻ തിരിച്ചടിച്ചു.
ഇറാനെതിരെ നേരിട്ട് യുദ്ധം നടത്താതെ ഇറാനിലെ പ്രമുഖരെ നശിപ്പിക്കുക എന്ന തന്ത്രമാണ് അമേരിക്ക സ്വീകരിച്ചു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.