മുതിര്‍ന്ന പൗരന്‍മാരുടെ ട്രെയിന്‍ യാത്ര നിരക്കില്‍ ഇളവ്; പ്രായ പരിധി 70 വയസ്, പ്രഖ്യാപനം ബജറ്റിലുണ്ടാകും

 മുതിര്‍ന്ന പൗരന്‍മാരുടെ ട്രെയിന്‍ യാത്ര നിരക്കില്‍ ഇളവ്; പ്രായ പരിധി 70 വയസ്, പ്രഖ്യാപനം ബജറ്റിലുണ്ടാകും

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്ര സൗജന്യ നിരക്ക് പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീ, പുരുഷ ഭേദമില്ലാതെ പ്രായപരിധി 70 ആക്കിയും സൗജന്യ നിരക്ക് 40 ശതമാനമാക്കി നിജപ്പെടുത്താനുമാണ് നീക്കം. ഫെബ്രുവരി ഒന്നിന് അവതരിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

58 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് 50 ശതമാനവും 60 വയസ് കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് 40 ശതമാനവുമാണ് നിലവില്‍ സൗജന്യ യാത്രാ നിരക്ക്.

കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 19 മുതല്‍ ഇത് നിറുത്തിവച്ചിരുന്നു. ഭേദഗതികളോടെ പുനസ്ഥാപിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. 11 വിഭാഗം രോഗികള്‍ക്കുള്ള സൗജന്യങ്ങളും ഭിന്നശേഷിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സൗജന്യങ്ങളും നേരത്തെ പുനസ്ഥാപിച്ചിരുന്നു. 46 മേഖലകളിലാണ് സൗജന്യ നിരക്ക് നല്‍കിയിരുന്നത്. ശേഷിക്കുന്നവ ഘട്ടംഘട്ടമായി പുനസ്ഥാപിച്ചേക്കും.

യാത്രാ സൗജന്യം നിര്‍ത്തലാക്കുന്നതോടെ മുതിര്‍ന്ന പൗരന്മാരുടെ ഏറ്റവും വലിയ ക്ഷേമപദ്ധതിയാണ് ഇല്ലാതാകുന്നതെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌ളീപ്പര്‍, തേര്‍ഡ് എ.സി ക്‌ളാസുകളിലെങ്കിലും അനുവദിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

കണക്കുകള്‍ പ്രകാരം 60 വയസ് പിന്നിട്ട 12കോടി മുതിര്‍ന്ന പൗരന്മാരാണ് പ്രതിവര്‍ഷം ട്രെയിന്‍ യാത്ര നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് 2020-21ല്‍ 1.90 കോടിയും 2021-22ല്‍ 5.5കോടിയുമായി അത് കുറഞ്ഞിരുന്നു. 54 ശതമാനവും സ്‌ളീപ്പര്‍ ക്‌ളാസുകളിലാണ് യാത്ര ചെയ്യുന്നത്. തേര്‍ഡ് എ.സി ഉപയോഗിക്കുന്നത് 16 ശതമാനം മാത്രമാണ്. മുതിര്‍ന്ന പൗരന്മാരുടെ സൗജന്യ നിരക്ക് നിറുത്തലാക്കിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷം 2560.9 കോടിയുടെ നേട്ടമുണ്ടായെന്നാണ് റെയില്‍വേയുടെ കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.