കാലിഫോര്‍ണിയ: ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന എഡ്വിന്‍ ബസ് ആല്‍ഡ്രിന്‍ തന്റെ 93-ാം ജന്മദിനത്തില്‍ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 63-കാരിയായ അങ്ക ഫൗറിനെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. 1969 ല്‍ അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയവരില്‍ ഒരാളാണ് ബസ് ആല്‍ഡ്രിന്‍. ബഹിരാകാശ സഞ്ചാരിയുടെ നാലാം വിവാഹമാണിത്.
ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ബസ് ആല്‍ഡ്രിന്‍ വെഞ്ച്വേഴ്സ് എല്‍.എല്‍.സിയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് ഫൗര്‍.
ആല്‍ഡ്രിന്‍ നേരത്തെ മൂന്ന് തവണ വിവാഹിതനാവുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട്.
1969 ജൂലൈ 20 ന് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ ദൗത്യമാണ് അപ്പോളോ 11. നീല്‍ ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ നടന്നപ്പോള്‍ മൈക്കള്‍ കോളിന്‍സ് ചന്ദ്രന് ചുറ്റും ഭ്രമണപഥത്തില്‍ തുടര്‍ന്നു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിന് ശേഷമാണ് ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. ആ മൂന്ന് ഇതിഹാസങ്ങളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് ബസ് ആല്‍ഡ്രിന്‍. സഹയാത്രികരായ ആംസ്ട്രോങ് 2012 ലും കോളിന്‍സ് 2021 ലുമാണ് വിടവാങ്ങിയത്.
1971 ല്‍ നാസയില്‍ നിന്ന് വിരമിച്ച ആല്‍ഡ്രിന്‍ 1998 ല്‍ ക്രൂഡ് ബഹിരാകാശ പര്യവേഷണത്തിന്റെ വിപുലീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷെയര്‍ സ്പേസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു.
1969 ല്‍ ചന്ദ്രോപരിതലത്തിലേക്കുള്ള ചരിത്രപരമായ ദൗത്യത്തില്‍ ധരിച്ച ജാക്കറ്റ് ഏകദേശം 2.8 മില്യണ്‍ ഡോളറിന് ലേലത്തില്‍ പോയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
അങ്കാ ഫൗര്‍ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.