ജസീന്ദ ആര്‍ഡേണ്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു; ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ജസീന്ദ ആര്‍ഡേണ്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു; ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. ഞായറാഴ്ച വെല്ലിങ്ടണില്‍ നടന്ന ലേബര്‍ പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ക്രിസ് ഹിപ്കിന്‍സ് പുതിയ നേതാവായി ഔദ്യോഗികമായി ചുമതലയേറ്റു. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനു മുന്നോടിയായാണ് ജസീന്ദ ക്രിസ് ഹിപ്കിന്‍സിന് സ്ഥാനം കൈമാറിയത്.

രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടിയുടെ 64 എംപിമാര്‍ ക്രിസ് ഹിപ്കിന്‍സിനെ ഏകകണ്‌ഠേന അംഗീകരിച്ചു. നിലവില്‍ പൊലീസ്, വിദ്യാഭ്യാസ, പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ക്രിസ് ഹിപ്കിന്‍സ്. ബുധനാഴ്ച അദ്ദേഹം രാജ്യത്തിന്റെ 41-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

പദവി ഒഴിയാനുള്ള ജസീന്ദയുടെ തീരുമാനത്തിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കാനായി ഏകകണ്ഠേന ഉയര്‍ന്ന പേരാണ് ഹിപ്കിന്‍സിന്റേത്. ഈ സ്ഥാനത്തേക്കുള്ള ഏക നോമിനിയായിരുന്നു ഹിപ്കിന്‍സ്.

വോട്ടെടുപ്പിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഇടത്തരം വരുമാനമുള്ള ന്യൂസിലന്‍ഡുകാരും ചെറുകിട ബിസിനസ് ഉടമകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹിപ്കിന്‍സ് പറഞ്ഞു.

ന്യൂസിലന്‍ഡുകാര്‍ നേരിടുന്ന പണപ്പെരുപ്പവും പാര്‍പ്പിട പ്രശ്നങ്ങളും പരാമര്‍ശിച്ച നിയുക്ത പ്രധാനമന്ത്രി സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലയുന്ന മധ്യവര്‍ഗ കുടുംബങ്ങളെ സഹായിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു വാഗ്ദാനം ചെയ്തു. രാജ്യത്തിന്റെ പൊതു സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ഹിപ്കിന്‍സ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജസീന്ദ ആര്‍ഡേണിന്റെ നേതൃത്വത്തെ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജസീന്ദ പ്രചോദനമാണെന്ന് ഹിപ്കിന്‍സ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാനുള്ള ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാകുന്നത്. ലോകത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വനിതാ നേതാക്കളിലൊരാളായിരുന്നു ജസീന്ത. ജസീന്ത സര്‍ക്കാറിന്റെ വലംകൈയായിരുന്നു ഹിപ്കിന്‍സ്. പ്രധാന വകുപ്പുകള്‍ ജസീന്ത ഹിപ്കിന്‍സിനെ ഏല്‍പ്പിച്ചു.

ആരാണ് ക്രിസ് ഹിപ്കിന്‍സ്?

രാജ്യത്ത് കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയാണ് ഹിപ്കിന്‍സ് ജനശ്രദ്ധ നേടിയത്. വിദ്യാഭ്യാസ മന്ത്രി, പൊതുസേവന വകുപ്പ് മന്തി, സഭാ നേതാവ് എന്നീ ചുമതലകളെ കൂടാതെ 2020 ല്‍ കോവിഡ് മഹാമാരിക്കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയായും പ്രവര്‍ത്തിച്ചു.

ന്യൂസിലന്‍ഡിലെ വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്സ്, ക്രിമിനോളജി എന്നിവയില്‍ ബിരുദം നേടിയ ഹിപ്കിന്‍സ് 2008 ലാണ് പാര്‍ലമെന്റിലെത്തുന്നത്. അതിനു മുന്‍പ് രണ്ട് വിദ്യാഭ്യാസ മന്ത്രിമാരുടെയും ഒരു പ്രധാനമന്ത്രിയുടെയും രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൗണ്ട് ബൈക്കിങ്ങിലും ട്രാംപിങ്, നീന്തല്‍ എന്നിവയിലും പ്രാഗല്‍ഭ്യം തെളിയിച്ച 'അതിസാഹസികന്‍' എന്നാണ് ജീവചരിത്രത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വെല്ലിങ്ടണിന് അടുത്തുള്ള ജന്മസ്ഥലമായ അപ്പര്‍ ഹട്ടില്‍ നിന്നും സ്വന്തം ഓഫീസിലേക്ക് സൈക്കിളില്‍ അദ്ദേഹം പോവാറുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന്റെ പ്രധാനമുഖമായി അദ്ദേഹം മാറുകയായിരുന്നു. പ്രസന്നമായ പെരുമാറ്റവും നര്‍മബോധവും അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

2020 ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ഹിപ്കിന്‍സ് ജേഡിനെ വിവാഹം കഴിക്കുന്നത്. ആറ് വയസുള്ള മകനും നാല് വയസുള്ള മകളുമുണ്ട്. ഹട്ട് വാലിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.