സുരക്ഷാ ഭീഷണി: അമേരിക്കന്‍ സര്‍വകലാശാലകളിലും ടിക്‌ടോക്കിന് നിരോധനം

സുരക്ഷാ ഭീഷണി: അമേരിക്കന്‍ സര്‍വകലാശാലകളിലും ടിക്‌ടോക്കിന് നിരോധനം

വാഷിങ്ടണ്‍: ചെറുപ്പക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് അമേരിക്കയിലെ നിരവധി സര്‍വകലാശാലകളില്‍ നിരോധനം. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഡാറ്റ സംബന്ധിച്ച സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക് നിരോധിച്ചത്.

കാമ്പസിലെ വൈഫൈ നെറ്റ്വര്‍ക്കുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് തടയാനുള്ള എല്ലാ നടപടികളും സര്‍വകലാശാലകള്‍ സ്വീകരിച്ചു. സുരക്ഷ മാത്രമല്ല സര്‍വകലാശാലകള്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. ടിക്‌ടോക് മണിക്കൂറുകളോളം ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നതായും അധികൃതര്‍ പറയുന്നു.

ടെക്‌സസ്, അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ, ഐഡഹോ, അര്‍ക്കന്‍സാസ്, ഒക്‌ലഹോമ, സൗത്ത് ഡക്കോട്ട തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ പ്രശസ്തമായ സര്‍വകലാശാലകള്‍ ടിക്‌ടോക് പൂര്‍ണമായും നിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. യു.എസിലെ ദശലക്ഷക്കണക്കിന് യുവാക്കളാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ഡേറ്റകള്‍ ചോര്‍ത്തുന്നതായി അമേരിക്കന്‍ ഭരണകൂടം സംശയിക്കുന്നു.

ടെക്സസില്‍ സര്‍ക്കാര്‍ ഡേറ്റയുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും ടിക്‌ടോക് ഉപയോഗിക്കുന്നത് സംസ്ഥാന ഗവര്‍ണര്‍ നിരോധിച്ചിരുന്നു.

ടിക് ടോക് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര് വ്രെ കഴിഞ്ഞ വര്‍ഷം നവംബറില്‍ പറഞ്ഞിരുന്നു. ഉപഭോക്താക്കളെ സ്വാധീനിക്കാനോ അവരുടെ ഉപകരണങ്ങളെ നിയന്ത്രിക്കുന്നതിനോ ചൈനീസ് സര്‍ക്കാരിന് ആപ്പ് ഉപയോഗിക്കാനാകുമെന്ന മുന്നറിയിപ്പും എഫ്.ബി.ഐ ഡയറക്ടര്‍ നല്‍കിയിരുന്നു.

ചൈനയ്ക്ക് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറുന്നുവെന്നാരോപിച്ച് ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക് ടോക് നിരോധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.