അബുദാബി: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ മാനസികാരോഗ്യത്തെകുറിച്ചും ചോദിച്ച് മനസിലാക്കണമെന്ന് നിർദ്ദേശം

അബുദാബി: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ മാനസികാരോഗ്യത്തെകുറിച്ചും ചോദിച്ച് മനസിലാക്കണമെന്ന് നിർദ്ദേശം

അബുദാബി: അബുദാബി എമിറേറ്റിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളോട് അവരുടെ മാനസിക ക്ഷേമത്തെ കുറിച്ചുകൂടി ചോദിച്ച് മനസിലാക്കണമെന്ന് നിർദ്ദേശം. വിഷാദത്തിന്‍റെയും സമ്മർദ്ദത്തിന്‍റെയും ലക്ഷണങ്ങള്‍ വളരെ തുടക്കത്തിലേ മനസിലാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ഒരു ചെക്ക് ലിസ്റ്റ് നല്‍കുകയാണ് ആദ്യപടി.

നഴ്‌സുമാർ രോഗിയുടെ മാനസികാരോഗ്യം വിലയിരുത്തുകയും രക്തസമ്മർദ്ദവും അലർജിയും ഉള്‍പ്പടെയുളള ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കില്‍ രേഖപ്പെടുത്തി, ഒരു ഫോം പൂരിപ്പിക്കുകയും ചെയ്യും. നഴ്‌സിന്‍റെ പ്രാഥമിക വിലയിരുത്തലിന് ശേഷം ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും നല്‍‍കും. 

65 വയസും അതിൽ കൂടുതലുമുള്ള രോഗികള്‍ക്ക് ഡിമെൻഷ്യ ലക്ഷണങ്ങളും പരിശോധിക്കും.ഏതെങ്കിലും തരത്തിലുളള മാനസിക സമ്മർദ്ദമോ വിഷാദമോ രോഗി അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ ഉടനടി ചികിത്സ ലഭ്യമാക്കുമെന്നും മാനസികാരോഗ്യ ടാസ്‌ക് ഫോഴ്‌സ് ചെയർവുമൺ ഡോ നഹിദ അഹമ്മദ് പറഞ്ഞു.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനും രോഗനിർണയം നടത്തുന്നതിനുമായി 100 ഓളം ഡോക്ടർമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ആത്മഹത്യ തടയാൻ 450 മെഡിക്കൽ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

വിഷാദരോഗങ്ങളുണ്ടെങ്കില്‍ പോലും പലരും നേരിട്ട് സ്പെഷലിസ്റ്റുകളുടെ സേവനം തേടാന്‍ മടിക്കുന്നു. അത്തരക്കാർക്കും ഇത് ഉപകാരപ്രദമാകുമെന്ന് ഡോ നഹിദ അഹമ്മദ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.