ബിജെപിയെ ചെറുക്കാന്‍ ത്രിപുരയില്‍ സി.പി.എം-കോണ്‍ഗ്രസ് സീറ്റ് ധാരണയിലേക്ക്

ബിജെപിയെ ചെറുക്കാന്‍ ത്രിപുരയില്‍ സി.പി.എം-കോണ്‍ഗ്രസ് സീറ്റ് ധാരണയിലേക്ക്

അഗര്‍ത്തല: ത്രിപുരയില്‍ വൈരം മറന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റുചര്‍ച്ച ഏകദേശധാരണയിലെത്തി. സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാനസമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരമായാല്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും സി.പി.എം. സംസ്ഥാനസമിതിയംഗം പബിത്ര കര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് ത്രിപുര പി.സി.സി. അധ്യക്ഷന്‍ ബ്രിജിത് സിന്‍ഹയും അറിയിച്ചു.

എത്രസീറ്റുകളില്‍ മത്സരിക്കുമെന്നത് വെളിപ്പെടുത്തിയിട്ടില്ല. ജനപ്രിയതയും വിജയസാധ്യതയും കണക്കിലെടുത്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന് ഇരുവരും പറഞ്ഞു. 30 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് തുടക്കത്തില്‍ നിര്‍ബന്ധംപിടിച്ചെങ്കിലും സി.പി.എം. അതിനു വഴങ്ങിയില്ല. വിജയസാധ്യത കണക്കിലെടുത്ത് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും ബി.ജെ.പി.യുടെ കാടത്തഭരണം അവസാനിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സി.പി.എം. നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് തങ്ങളുടെ ആവശ്യം പരിമിതപ്പെടുത്താന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.

ഗോത്ര മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള പ്രാദേശിക കക്ഷി തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ സഖ്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍, ടിപ്രലാന്‍ഡ് എന്ന ആവശ്യം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യമുള്ളൂ എന്ന നിലപാടിലാണ് തിപ്ര നേതാവ് പ്രദ്യോത് ദേബ് ബര്‍മന്‍. തുടര്‍ഭരണത്തെക്കുറിച്ച് ആശങ്കയുള്ള ബി.ജെ.പി.യും തിപ്ര മോത്തയെ തങ്ങളുടെ സഖ്യത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇതിനായി ഡല്‍ഹിയിലും അഗര്‍ത്തലയിലുമൊക്കെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി.) നേതാവ് പ്രേംകുമാര്‍ റിയാറെയാണ് പ്രദ്യോത് ദേബുമായി ചര്‍ച്ച നടത്തുന്നത്. സഖ്യമുറപ്പാക്കാനായി തിപ്ര മോത്തയില്‍ ഐ.പി.എഫ്.ടി ലയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസും ചൂണ്ടയെറിഞ്ഞിട്ടുണ്ട്. 41 സീറ്റില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. ബാക്കി 19 എണ്ണം തിപ്ര മോത്തയെ ഉദ്ദേശിച്ച് ഒഴിച്ചിട്ടിരിക്കുകയാണ്. അവര്‍ സഖ്യത്തിന് തയ്യാറായാല്‍ ആ സീറ്റുകള്‍ നല്‍കും. ഇല്ലെങ്കില്‍ അതിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തൃണമൂലിന്റെ പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.