കുടിശിക ആവശ്യപ്പെട്ടത് ചിന്തയെന്ന് തെളിഞ്ഞു; എട്ടര ലക്ഷം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

കുടിശിക ആവശ്യപ്പെട്ടത് ചിന്തയെന്ന് തെളിഞ്ഞു; എട്ടര ലക്ഷം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശിക ഇനത്തിലാണ് ഈ തുക. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്.

ചിന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഈ വിഷയത്തില്‍ ചിന്തയുടെ വാദങ്ങള്‍ പൊളിയുകയാണ്. കുടിശികയ്ക്കായി താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മുന്‍പ് ചിന്ത പ്രതികരിച്ചത്.

2016 ഒക്ടോബര്‍ നാലിനാണ് അധ്യക്ഷയായി ചിന്ത ചുമതലയേല്‍ക്കുന്നത്. 2017 ജനുവരി ആറിന് 50,000 രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവിറക്കി. 2018 മെയ് 26 ന് ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവുമിറക്കി. നിയമന തിയതിയായ 2016 ഒക്ടോബര്‍ നാല് മുതല്‍ 2018 മെയ് 26 വരെയുള്ള കുടിശിക നല്‍കണമെന്ന ചിന്തയുടെ ആദ്യ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും തള്ളിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് വീണ്ടും അപേക്ഷ നല്‍കിയെങ്കിലും 26 ന് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കുടിശിക നല്‍കേണ്ടെന്ന് ഉത്തരവുമിറക്കി. എന്നാല്‍ ചിന്ത ധനമന്ത്രിക്ക് വീണ്ടും അപേക്ഷ നല്‍കിയതോടെ 17 മാസത്തെ ശമ്പള കുടിശിക നല്‍കാന്‍ തീരുമാനിച്ച് ഡിസംബര്‍ 28 ന് ധനവകുപ്പ് യുവജന ക്ഷേമവകുപ്പിന് കുറിപ്പ് നല്‍കുകയായിരുന്നു.

ചിന്ത കുടിശിക തുക ആവശ്യപ്പെട്ടു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ തനിക്കെതിരെ തെളിവുകളില്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നാണ് യുവജന കമ്മിഷന്‍ അധ്യക്ഷ അന്ന് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.