നൈജീരിയയില്‍ 2022 ല്‍ കൊല ചെയ്യപ്പെട്ടത് 39 കത്തോലിക്കാ വൈദികര്‍; 145 പുരോഹിതര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റു

 നൈജീരിയയില്‍ 2022 ല്‍ കൊല ചെയ്യപ്പെട്ടത്  39 കത്തോലിക്കാ വൈദികര്‍; 145 പുരോഹിതര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റു

അബൂജ: നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം 39 കത്തോലിക്കാ പുരോഹിതര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളാകുകയും ചെയ്തിട്ടുണ്ടെന്ന് എസ്.ബി.എം ഇന്റലിജന്‍സ്.

നൈജീരിയയിലെ പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നാണ് എസ്.ബി.എം ഇന്റലിജന്‍സ്. ''വൈദികര്‍ക്കെതിരായ ആക്രമണം'' എന്ന തലക്കെട്ടില്‍ ജനുവരി 23 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ 145 കത്തോലിക്കാ വൈദികര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റിരുന്നു. 'വൈദികരെ സംബന്ധിച്ചിടത്തോളം 2022 ഭയാനകമായ വര്‍ഷമായിരുന്നു. ഒരു ഘട്ടത്തില്‍ 50 മില്യണ്‍ നൈറ (1,09,000 ഡോളര്‍) മോചനദ്രവ്യം ആവശ്യപ്പെട്ട് ദിവസേനയുള്ള തട്ടിക്കൊണ്ടു പോകലുകള്‍ക്ക് വിധേയരായ വൈദികര്‍ വരെ ഉണ്ടായിട്ടുണ്ട്.

രാജ്യത്തിന്റെ മധ്യ-വടക്കു ഭാഗത്തായി വിവിധ ആക്രമണങ്ങളില്‍ 12 വൈദികരാണ് കൊല്ലപ്പെട്ടത്. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഒമ്പത് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. തെക്കും തെക്കു കിഴക്കും ആയി അഞ്ച് മരണങ്ങള്‍ വീതവും വടക്കു കിഴക്കും വടക്ക് പടിഞ്ഞാറും ഭാഗങ്ങളിലായി നാല് വൈദികരും കൊല ചെയ്യപ്പെട്ടു.

ബൊക്കോ ഹറാം, ഫുലാനി തീവ്രവാദികളാണ് വൈദികര്‍ക്കു നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. നൈജര്‍ സംസ്ഥാനത്തെ കാഫിന്‍-കോറോയില്‍ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ ഇടവകയിലെ വൈദികനായ ഫാ. ഐസക് ആച്ചിയെ ഒരു കൂട്ടം ഭീകരര്‍ ജനുവരി 15 ന് വധിച്ചതാണ് ഏറ്റവും അവസാനം നടന്ന കൊലപാതകം.

2019 മുതല്‍ മുസ്ലീം ഭീകരസംഘടനയായ ബോക്കോ ഹറാമിന്റെ വരവോടെ രാജ്യം വലിയ രീതിയില്‍ ക്രിസ്തീയ പീഡനങ്ങള്‍ നേരിടുന്നുണ്ട്. നൈജീരിയയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ തീവ്രവാദി സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.