യുഎന്നിന്റെ 75- ആം വാർഷികത്തിൽ ആശംസകൾ അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

യുഎന്നിന്റെ 75- ആം  വാർഷികത്തിൽ ആശംസകൾ അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

വത്തിക്കാൻ: യുഎന്നിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 21ന് നടത്തപ്പെട്ട Virtual high-level മീറ്റിംഗിൽ ആണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഔദ്യോഗിക പിന്തുണയും ആശംസയും അറിയിച്ചത്. ഈ നല്ല മുഹൂർത്തത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്. കഴിഞ്ഞ 75 വർഷങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ ഐക്യവും കൂട്ടായ്മയും പ്രതീക്ഷിച്ചുകൊണ്ട് ലോകജനത യുണൈറ്റഡ് നേഷൻസിന്റെ പ്രവർത്തനങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘർഷങ്ങളും പോരാട്ടങ്ങളും അവസാനിപ്പിച്ചു മനുഷ്യമഹത്വത്തെ ബഹുമാനിക്കുന്ന, രോഗങ്ങളും ദാരിദ്ര്യവും തുടച്ചുമാറ്റി നീതി പുരോഗമിക്കുന്ന ഒരു ലോകത്തെ പ്രതീക്ഷിച്ചുകൊണ്ടാണ് ജനങ്ങൾ യുഎന്നിനെ വീക്ഷിച്ചിരുന്നത്. 

വത്തിക്കാനും മാറിമാറിവന്നിരുന്ന മാർപാപ്പമാരും എപ്രകാരമെല്ലാം യുഎന്നിന്റെ പ്രവർത്തനങ്ങളിൽ സാന്നിധ്യവും സഹകരണവും അറിയിച്ചിരുന്നു എന്ന് കർദ്ദിനാൾ പിയെത്രോ പരോളിൻ അനുസ്മരിച്ചു. മാനവിക സഹോദര്യത്തിന്റയും ഐക്യത്തിന്റെയും പാതയിൽ മുന്നേറിക്കൊണ്ട് ആഗോളതലത്തിലുള്ള വെല്ലുവിളികളെ വിവിധങ്ങളായ പരിഹാരമാർഗങ്ങളിലൂടെ ഒരുമിച്ച് നേരിടാനും ലോകത്തിൽ ഒരു ധാർമിക അച്ചുതണ്ടായി നിലകൊള്ളാനും യുഎന്നിന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

നമ്മെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടും വിഭജനങ്ങൾ സൃഷ്ടിച്ചുകൊണ്ടും മുന്നോട്ടുപോകാനാവില്ല എന്ന് കോവിഡ് 19 മഹാമാരി ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. എക്കാലത്തും യുഎൻ അതിന്റെ പേരിനും ആശയങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രവർത്തിച്ചിട്ടില്ല എന്നും ഏതാനും ചില അവസരങ്ങളിലെങ്കിലും സമൂഹനന്മയെക്കാളും വ്യക്തിതാത്പര്യങ്ങൾ പരിഗണിക്കുന്ന രീതി അവലംബിച്ചിട്ടുണ്ട് എന്നും അതിനാൽ മാറുന്ന ലോകത്ത് യുഎൻ അതിന്റെ യഥാർത്ഥ ചൈതന്യം വീണ്ടെടുത്ത് മുന്നോട്ടുവരണമെന്ന ഓർമ്മപ്പെടുത്തലും സ്റ്റേറ്റ് സെക്രട്ടറി നൽകി. 

 1945 ഒക്ടോബർ 24-നാണ് യുഎൻ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത്. 1964 മുതൽ Permanent Observer State എന്ന പദവി വത്തിക്കാന് നൽകപ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് Permanent Observer Mission വത്തിക്കാൻ നിർവ്വഹിച്ചു പോരുന്നു.

✍️ Melbin Thengumpallil


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.