ഇന്ത്യ എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍: ഡല്‍ഹിയില്‍ കനത്ത സുരക്ഷ; രാജ്യമെങ്ങും ആഘോഷം

ഇന്ത്യ എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍: ഡല്‍ഹിയില്‍ കനത്ത സുരക്ഷ; രാജ്യമെങ്ങും ആഘോഷം

ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യതലസ്ഥാനത്തും സംസ്ഥാനങ്ങളിലും വിപുലമായ രീതിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കും. 

ദേശീയ യുദ്ധ സ്മാരകത്തിൽ രാവിലെ ഒൻപതരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. 

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ഇതാദ്യമായാണ് ഈജിപ്ത് പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്നത്. കോവിഡ് കാരണം രണ്ട് വര്‍ഷമായി ഒരു വിദേശ അതിഥിയും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 

ആഘോഷത്തിന്റെ ഭാഗമായി കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കർത്തവ്യ പഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും വഴിയോരകച്ചവടക്കാരും റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.

സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും.

11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, മലബാർ സ്പെഷ്യൽ പൊലീസ്, കേരള ആംഡ് വനിതാ പൊലീസ് ബെറ്റാലിയൻ, ഇന്ത്യ റിസർവ് ബെറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള പ്രിസൺ വകുപ്പ്, കേരള എക്സൈസ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പ്ലാറ്റൂൺ വീതമാണു സായുധ സേനാ ഘടകങ്ങളിൽ അണിനിരക്കുന്നത്.

പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തും. ജില്ലാതലത്തില്‍ ആഘോഷ പരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.