യുഎഇയില്‍ ഇന്നും മഴ തുടരും

യുഎഇയില്‍ ഇന്നും മഴ തുടരും

ദുബായ്: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ റാസല്‍ഖൈമയിലും ഫുജൈറയിലും ചില സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. ജനുവരി 26, 27 ദിവസങ്ങളില്‍ സ‍ർക്കാർ സ്കൂളുകളിലെ കുട്ടികള്‍ക്ക് വീട്ടിലിരുന്നായിരിക്കും പഠനമെന്ന് എമിറേറ്റിലെ ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ സംഘം അറിയിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനമെന്ന് റാസല്‍ഖൈമ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഫുജൈറയിലും സർക്കാർ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം മഴ ശക്തമായ സാഹചര്യത്തില്‍ ഷാർജ ഖല്‍ബയിലേയും ഫുജൈറയിലേയും സ്കൂളുകളിലെ പഠനം നേരത്തെ അവസാനിപ്പിച്ചിരുന്നു. വിനോദ യാത്രകളും മാറ്റിവച്ചിട്ടുണ്ട്. ദുബായിലെ ചില ഇന്ത്യന്‍ സ്കൂളുകളില്‍ നടത്താനിരുന്ന റിപബ്ലിക് ദിന പരേഡും മാറ്റിവച്ചു. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയും ആലിപ്പഴവർഷവുമുണ്ടായി.

വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. രാജ്യമെമ്പാടും അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇടിയോടുകൂടിയ മഴ പെയ്യും. അബുദബിയില്‍ കൂടിയ താപനില 18 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 19 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. തണുത്ത കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.