അബുദബി: യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായി നിർമ്മിച്ച ഏറ്റവും വലിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. അൽഖുദ്റ പ്രദേശത്തിന് മുകളിലൂടെയാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. പണി പൂർത്തിയായ പാലത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
അതേസമയം പാലം പൂർത്തിയായതോടെ എമിറേറ്റിലെ റെയിൽ നിർമാണത്തിന്റെ സുപ്രധാന ഘട്ടമാണ് പിന്നിട്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യനിർമിത തടാകങ്ങളുടെ കേന്ദ്രമാണ് അൽ ഖുദ്റ. ഇവിടെ പാലം കൂടാതെ 86 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് ട്രാക്കുമുണ്ട്. യു എ ഇ യിലുടനീളം ചരക്കുനീക്കത്തിനും യാത്രക്കാരുടെ സഞ്ചാരത്തിനും ഉപയോഗിക്കുന്നതിനാണ് ഇത്തിഹാദ് റെയിൽപാത നിർമിക്കുന്നത്.
കഴിഞ്ഞ വർഷം പാതയുടെ 75ശതമാനം പൂർത്തിയാക്കിയിരുന്നു. വിവിധ എമിറേറ്റുകളിലെ നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താൻ പരിസ്ഥിതി, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാനും പദ്ധതിയുടെ തുടക്കംമുതലേ ആസൂത്രണം ചെയ്തിട്ടുണ്ട്. റെയിൽപാത നിർമിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
50 ബില്യൻ ദിർഹമാണ് ഇത്തിഹാദ് പദ്ധതി പൂർത്തിയാകുന്നതിനുള്ള ചിലവ്.
ദുബായിൽനിന്ന് അബുദബിയിലേക്ക് 50 മിനിറ്റിലും അബുദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തിഹാദ് റെയിൽ പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.