വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിച്ച് ഫ്രാന്‍സിസ് പാപ്പ; അസോസിയേറ്റഡ് പ്രസ്സുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിച്ച് ഫ്രാന്‍സിസ് പാപ്പ; അസോസിയേറ്റഡ് പ്രസ്സുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

വത്തിക്കാന്‍ സിറ്റി: വിമര്‍ശനങ്ങള്‍ നമ്മെ വളരാന്‍ സഹായിക്കുമെന്നും എന്നാല്‍ അത് ഉന്നയിക്കുന്നവര്‍ മുഖത്ത് നോക്കി പറയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പാ. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് പ്രതിനിധി നിക്കോള്‍ വിന്‍ഫീല്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.

മനസമാധാനത്തിനായി മറ്റുള്ളവര്‍ വിമര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നാം. അവ അല്‍പ്പം അരോചകമാണെങ്കിലും ഞാന്‍ അത് സ്വീകരിക്കാറുണ്ട്. കാരണം അതിനര്‍ത്ഥം അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നു എന്നതാണ്. വിമര്‍ശനങ്ങള്‍ നമ്മുടെ മുഖത്ത് നോക്കി ഉന്നയിക്കണം. വിമര്‍ശനം മോശമാകുന്നത് അത് കൈയേറ്റമായി മാറുമ്പോഴാണ് - മാര്‍പ്പാപ്പ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 31-ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മരണശേഷം ഇതാദ്യമായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. മാര്‍പ്പാപ്പയുടെ വത്തിക്കാന്‍ ഗസ്റ്റ് ഹൗസായ കാസ സാന്താ മാര്‍ട്ടയിലായിരുന്നു കൂടിക്കാഴ്ച്ച.

പിതൃതുല്യനായ മുന്‍ഗാമിയുടെ വേര്‍പാട് മുതല്‍ സ്വവര്‍ഗാനുരാഗികളോടുള്ള കത്തോലിക്ക സഭയുടെ സമീപനം വരെയുള്ള വിഷയങ്ങളില്‍ ഗഹനമായ ചിന്തകളാണ് മാര്‍പ്പാപ്പ പങ്കുവച്ചത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മരണത്തോടെ തനിക്ക് നഷ്ടപ്പെട്ടത് പിതൃതുല്യനായ ഒരു വ്യക്തിത്വത്തെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

'എനിക്ക് അദ്ദേഹം സുരക്ഷിതമായ ഒരു ആശ്രയമായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ സംശയം തോന്നുമ്പോള്‍ ഒരു കാര്‍ വിളിച്ച് ഞാന്‍ ആശ്രമത്തിലേക്കു പോവുകയും ബെനഡിക്ട് പാപ്പായെ കാണുകയും ആ സംശയത്തിന്റെ ഉത്തരം ആരായുകയും ചെയ്യും' - പാപ്പാ അനുസ്മരിച്ചു. ബെനഡിക്ട് പാപ്പയുടെ രാജി ഭാവിയില്‍ മാര്‍പ്പാപ്പമാര്‍ക്ക് രാജിവയ്ക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. താന്‍ വിരമിക്കുകയാണെങ്കില്‍ പോപ്പ് എമിരിറ്റസ് എന്നല്ല റോമിലെ ബിഷപ്പ് എമിരിറ്റസ് എന്ന് അറിയപ്പെടും എന്നും രാജിക്ക് ആറു മാസങ്ങള്‍ക്കു മുന്‍പേ അദ്ദേഹം പറഞ്ഞിരുന്നു.

വിരമിച്ച ശേഷം ആശ്രമമായ മാത്തര്‍ എക്ലീസിയയില്‍ താമസിക്കാന്‍ ബെനഡിക്ട് പാപ്പാ തീരുമാനിച്ചത് വളരെ വിവേകപരമായ തീരുമാനമായിരുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.

'എന്നെ വിമര്‍ശിക്കുന്നവരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ ഇവിടെ വന്നിട്ടുമുണ്ട്. ഞാന്‍ ആരോടും തര്‍ക്കിച്ചില്ല, ഞാന്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും അവര്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. മറിച്ച് ഒരു ഏകാധിപതിയോട് ആര്‍ക്കും ഒന്നും പറയാനാവില്ല. അവര്‍ ദൂരത്തിന്റെ സ്വേച്ഛാധിപത്യം സൃഷ്ടിക്കുന്നു. സഹവാസവും വിമര്‍ശനവുമാണ് നമ്മെ വളരാനും കാര്യങ്ങള്‍ നന്നായി നടക്കാനും സഹായിക്കുന്നത്.

ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടാന്‍ ക്ഷമയോടെ കാത്തിരിക്കണമെന്നു മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. ചൈനീസ് അധികാരികള്‍ ചിലപ്പോള്‍ നമുക്കു മുന്നില്‍ വാതിലുകള്‍ അടച്ചേക്കാം. എന്നാലും സംഭാഷണം തടസപ്പെടരുത് എന്നതാണ് പ്രധാന കാര്യം.

വിചാരണ നേരിടുന്ന ചൈനീസ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ കുറിച്ചും മാര്‍പ്പാപ്പ വാചാലനായി. കഴിഞ്ഞ ജനുവരി ആറിന് വത്തിക്കാനില്‍ പരിശുദ്ധ പിതാവ് കര്‍ദ്ദിനാള്‍ സെന്നിനെ സ്വീകരിച്ചിരുന്നു. '90 വയസുകാരനായ കര്‍ദിനാള്‍ സെന്‍ ഇപ്പോള്‍ ജയിലില്‍ അജപാലന വേല ചെയ്യുന്നു. ജയിലിലെ കമ്മ്യൂണിസ്റ്റ് കാവല്‍ക്കാരും തടവുകാരും അദ്ദേഹത്തിന്റെ ചങ്ങാതിമാരാണ്. അദ്ദേഹം വലിയ അനുതാപമുള്ള മനസിന്റെ ഉടമയാണ് - പാപ്പ അനുസ്മരിച്ചു.

മാര്‍പ്പാപ്പയുടെ ആരോഗ്യവും അഭിമുഖത്തില്‍ വിഷയമായി. ഡിസംബറില്‍ അദ്ദേഹത്തിന് 86 വയസ് തികഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിച്ച പാപ്പ ഈ പ്രായത്തില്‍ ഇതെല്ലാം സാധാരണമാണെന്ന് ആവര്‍ത്തിച്ചു. ഞാന്‍ നാളെ മരിച്ചേക്കാം, പക്ഷേ എല്ലാം നിയന്ത്രണത്തിലാണ്. എന്റെ ആരോഗ്യം നന്നായിരിക്കുന്നു. ഞാന്‍ എപ്പോഴും കൃപയ്ക്കായി അപേക്ഷിക്കുന്നു, കര്‍ത്താവ് എനിക്ക് നര്‍മ്മബോധം നല്‍കട്ടെ.

വീഴ്ചയെ തുടര്‍ന്നുണ്ടായ കാല്‍മുട്ടിന്റെ ചെറിയ ഒടിവ് ശസ്ത്രക്രിയ കൂടാതെ ഭേദമായതായും പരിശുദ്ധ പിതാവ് വെളിപ്പെടുത്തി.

സംഭാഷണത്തിനിടെ സ്വവര്‍ഗാനുരാഗത്തോടുള്ള നിലപാടും മാര്‍പ്പാപ്പ വെളിപ്പെടുത്തി.
സ്വവര്‍ഗാനുരാഗം കുറ്റമല്ലെന്നും എന്നാല്‍ പാപമാണെന്നും പാപവും കുറ്റകൃത്യവും തമ്മില്‍ വേര്‍തിരിച്ചറിയണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്:

പാപമാണ് കുറ്റമല്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.